ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി: ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി
കെയ്റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടി.ഗസയില്‍ നിന്നുള്ള ഇസ്രഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിലും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ മന്ത്രി പറഞ്ഞു. സ്ലോവേനിയന്‍ പ്രധാനമന്ത്രിയുമായുള്ള പത്രസമ്മേളനത്തിലാണ് അബ്ദലട്ടിയുടെ പരാമര്‍ശം.
ഗസയിലെ യുദ്ധവും പട്ടിണിയും അവസാനിപ്പിക്കുന്നതോടെ നിലവിലെ ചര്‍ച്ചകള്‍ക്ക് തിരശീല വീഴുമെന്നും അബ്ദലട്ടി പറഞ്ഞു. ഐക്യരാഷ്ട്രസഭ വഴി ഗസാ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നത് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഈജിപ്ഷ്യന്‍ മന്ത്രി പ്രതികരിച്ചു
ദ്വിരാഷ്ട്ര പരിഹാരത്തില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈജിപ്ഷ്യന്‍ മന്ത്രി പറഞ്ഞു.

ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കിലാണ് ഇസ്രഈലിന്റെയും ഹമാസിന്റെയും പ്രതിയനിധികള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ചര്‍ച്ച. ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലെ 20 ഇന നിര്‍ദേശങ്ങളിലാണ് ഇരുസംഘവും ചര്‍ച്ച നടത്തുന്നത്. ബന്ദികൈമാറ്റം സംബന്ധിച്ച കാര്യങ്ങളിലാണ് നിലവില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.

