ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യത, യഹ്‌യ സിൻ വാറിൻ്റെ മൃതദേഹം വിട്ടു കിട്ടണം ഹമാസ്

കെയ്‌റോ: ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യയുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി. യുഎസ് പ്രസിഡന്റിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പാക്കാനും സ്ഥിരമായ വെടിനിര്‍ത്തലിനും രേഖാമൂലം സമ്മതം അറിയിക്കണമെന്നു ഖത്തര്‍ ആവശ്യപ്പെട്ടു.

അതേസമയം, കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട ഇസ്രയേലി ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും പേരുകളുടെ പട്ടിക കൈമാറിയതായും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെക്കുറിച്ച് ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദി കൈമാറ്റ കരാര്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. അതേസമയം, ടംപിന്റെ 20 ഇന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിനുള്ള സമയക്രമം ഈജിപ്റ്റിലെ ഷറം അല്‍ ഷെയ്ഖില്‍ നടന്ന ചര്‍ച്ചകളില്‍ ഇതുവരെ ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുക, പലായനം ചെയ്ത പലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുക, തടവുകാരുടെ കൈമാറ്റം, ഗാസയിലേക്ക് ഭക്ഷണത്തിനും മാനുഷിക സഹായത്തിനും നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം, ടെക്‌നോക്രാറ്റുകളുടെ പലസ്തീനിയന്‍ ദേശീയ സമിതിയുടെ മേല്‍നോട്ടത്തില്‍ സമ്പൂര്‍ണ്ണ പുനര്‍നിര്‍മ്മാണ പ്രക്രിയ ഉടന്‍ ആരംഭിക്കുക എന്നിവയും  ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ഈജിപ്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉടനടി വെടിനിര്‍ത്തലും  ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. ഗാസയില്‍ 48 ബന്ദികള്‍ അവശേഷിക്കുന്നുണ്ടെന്നും അതില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്നും ഇസ്രയേല്‍ കരുതുന്നു.

ഗാസയിലെ ഇസ്രയേലിന്റെ സൈനിക ആക്രമണം അവസാനിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുകയുള്ളൂവെന്ന് ഹമാസ് പറഞ്ഞു. ഏതെങ്കിലും വിദേശ സൈന്യത്തെ ഗാസയില്‍ വിന്യസിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, പലസ്തീനിയന്‍ അതോറിറ്റിയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന അറബ് സേനയെ സ്വാഗതം ചെയ്യുമെന്ന് സൂചന നല്‍കി

Leave a Reply

Your email address will not be published. Required fields are marked *