അതീവ ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് സ്ഥാപകചെയർമാൻ ഇ അബൂബക്കറിന് ജാമ്യം അനുവദിക്കുക: പൊതു പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകർ
കോഴിക്കോട്:അതീവ ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് സ്ഥാപകചെയർമാൻ ഇ അബൂബക്കറിന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രാവർത്തകർ ആരോഗ്യനില വഷളായതിനെ ത്തുടർന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനായ ഇ അബൂബക്കർ മാർച്ച് 4ാം തിയ്യതി മുതൽ ന്യൂഡൽഹിയിലെ ദീന് ദയാൽ ഉപാധ്യായ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിൽസയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലെന്നാണ് മകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹത്തിന് നെഞ്ചിൽ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തിലും പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞു. ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ വെള്ളിയാഴ്ച ഐസിസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നെന്ന് കുടുംബം പറയുന്നു. ഇപ്പോഴും ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല. 74കാരനായ ഇ അബൂബക്കർ പാർക്കിസൻസ് രോഗബാധിതനാണെന്നതിനു പുറമെ കാൻസറിനു ചികില്‍സയിലുമാണ്. അന്നനാളത്തിലെ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് വേണ്ടത്ര ചികില്‍സ ലഭിക്കാത്തത് രോഗാവസ്ഥ മൂര്‍ച്ഛിക്കാൻ കാരണമായി. ഡോക്ടർമാർ നിര്‍ദേശിച്ച ഭക്ഷണക്രമം പാലിക്കണമെന്ന കോടതി നിർദേശം ജയിലില്‍ പാലിക്കുന്നില്ലെന്നാണ് അറിയുന്നത്. പ്രായം കൊണ്ടും രോഗം കൊണ്ടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇ അബൂബക്കര്‍ ഈ രീതിയില്‍ ആശുപത്രിയില്‍ തുടർന്നാൽ അത് അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയായകുമെന്ന് ഉറപ്പാണ്.
ഫാദര്‍ സ്റ്റാൻ സ്വാമി രോഗബാധിതനായിരിക്കേ ജയിലിൽ മരണപ്പെട്ടത് രാഷ്ട്രീയ തടവുകാർ നേരിടുന്ന നീതിനിഷേധത്തിന്റെ സമീപകാല ഉദാഹരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ്….ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം നല്‍കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ ആരോഗ്യകരമായ കാര്യങ്ങൾ മുൻനിർത്തി ജാമ്യം നല്കി മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും ഞങ്ങൾ അഭ്യര്‍ത്ഥിക്കുന്നു.“
പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ, എൻ പി ചെക്കുട്ടി, പ്രഫ. ജെ ദേവിക, റസാഖ് പാലേരി
സി ദാവൂദ്, ജമാൽ കൊച്ചങ്ങാടി, കെ കെ ബാബുരാജ്, കെ എസ് ഹരിഹരൻ, സുദേഷ് എം രഘു, ഡോ. പി കെ പോക്കർ,
എന്‍ സുബ്രഹ്മണ്യൻ, കെ മുരളി,
ഡോ. അസീസ് തരുവണ,
ഹമീദ് വാണിയമ്പലം, അഡ്വ. പി എ ഷൈന തുടങ്ങി നൂറിനടുത്ത് പ്രമുഖർ ഒപ്പുവെച്ചു.

