ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി, അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ
വാഷിംഗ്‌ടൺ : ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തില കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെ അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
ഇതിനിടെ
കാണാതായ സൈനിക ഉദ്യോഗസ്ഥനെ കണ്ടെത്താനായി ഇറാനിലെ തെക്കൻ മേഖലയായ ഇസ്ഫഹാനിൽ തിരച്ചിൽ നടത്തുകയായിരുന്ന അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ (IRGC) അവകാശപ്പെട്ടു. ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു പാടത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രം ഫാർസ് തങ്ങളുടെ ടെലഗ്രാം ചാനലിൽ പങ്കുവെക്കുകയും, ഇതിനെ ‘വൻ പരാജയം മറച്ചുവെക്കാനുള്ള ട്രംപിന്റെ നിരാശാജനകമായ ശ്രമം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അമേരിക്കൻ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ‘സെർച്ച് ആൻഡ് റെസ്‌ക്യൂ’ ഓപ്പറേഷനുകളിൽ ഒന്നാണ് നടന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തെക്കുപടിഞ്ഞാറൻ ഇറാനിൽ വെച്ച് അമേരിക്കയുടെ എഫ്-15 വിമാനം ഇറാൻ വെടിവെച്ചിട്ടത്.
യുഎസ് വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അന്നേ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പൈലറ്റും വെപ്പൺ സിസ്റ്റംസ് ഓഫീസറുമായ മറ്റൊരു യുഎസ് സൈനികൻ ഇറാനിലെ ദുർഘടമായ മലനിരകളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
രണ്ട് ദിവസം മുൻപ് അമേരിക്കയുടെ എഫ്-15 ഇ (F-15E) യുദ്ധവിമാനം ഇറാനിൽ തകർന്നുവീണതിനെ തുടർന്നാണ് ഈ ഉദ്യോഗസ്ഥനെ കാണാതായത്. മറ്റൊരു ക്രൂ അംഗത്തെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. നൂറുകണക്കിന് സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളും ഡസൻ കണക്കിന് അത്യാധുനിക യുദ്ധവിമാനങ്ങളും പങ്കെടുത്ത അതിസാഹസികമായ ദൗത്യത്തിലൂടെയാണ് രണ്ടാമത്തെ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്.
രാത്രിയിൽ ആരംഭിച്ച ഈ ദൗത്യത്തിനിടെ അമേരിക്കൻ സേനയും ഇറാൻ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി യുഎസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഡെഹ്ദാഷ്ട് (Dehdasht) നഗരത്തിൽ നടന്ന ഏറ്റുമുട്ടലുകളിൽ നാലിലധികം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. കനത്ത വെടിവെപ്പുകൾക്കിടയിലൂടെയാണ് ഉദ്യോഗസ്ഥനെ സുരക്ഷിതമായി ഇറാനിൽ നിന്ന് പുറത്തെത്തിച്ചത്.

