ഇറാൻ ജനതയോട് ട്രെയിൻ യാത്രകൾ ഒഴിവാക്കാൻ ഇസ്രായേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പ്.
ടെൽ അവീവ്:പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ ഭീതി പടർത്തി അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത നീക്കങ്ങൾ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ ഇറാൻ ജനതയോട് ട്രെയിൻ യാത്രകൾ ഒഴിവാക്കാൻ ഇസ്രായേൽ സൈന്യം’നിർദ്ദേശിച്ചു.
അടുത്ത 12 മണിക്കൂർ നേരത്തേക്ക് (ഇറാൻ സമയം രാത്രി 9 മണി വരെ) രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിട്ടുനിൽക്കാൻ ഇസ്രായേൽ സൈന്യം ഇറാന്റെ പേർഷ്യൻ ഭാഷാ അക്കൗണ്ട് വഴി മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ സുരക്ഷയ്ക്കായി ട്രെയിൻ യാത്രകൾ ഒഴിവാക്കുക. റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള നിങ്ങളുടെ സാന്നിധ്യം ജീവന് അപകടമാണ്,” എന്നാണ് സൈന്യം വ്യക്തമാക്കിയത്. വൻതോതിലുള്ള മിസൈൽ-വ്യോമാക്രമണങ്ങൾ റെയിൽവേ ശൃംഖലകളെ ലക്ഷ്യം വെച്ചേക്കാം എന്നതിന്റെ സൂചനയാണിത്.
ചൊവ്വാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ ‘റാഫി-നിയ’ സിനഗോഗ് (ജൂത ആരാധനാലയം) പൂർണ്ണമായും തകർന്നു. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറും ഷർഗ് ദിനപത്രവുമാണ് ഈ വിവരം പുറത്തുവിട്ടത്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ജൂത ജനസംഖ്യ കുറവാണെങ്കിലും ഇറാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള മതവിഭാഗമാണ് ജൂതമതം.

