വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പൊലിഞ്ഞ ഒൻപത് ജീവനുകള്‍ക്കും ഇന്ന് ജന്മനാട് വിടനല്‍കും.

മലപ്പുറം:വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പൊലിഞ്ഞ ഒൻപത് ജീവനുകള്‍ക്കും ഇന്ന് ജന്മനാട് വിടനല്‍കും

പൊള്ളാച്ചി ജില്ലാ ആശുപത്രിയില്‍ പൂർത്തിയായ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ ആറേകാലോടെയാണ് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടത്.

ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വെക്കും. അധ്യാപകരും ജീവനക്കാരും സഹപ്രവർത്തകരും ഉള്‍പ്പെട്ട യാത്ര ദുരന്തമായതിന്റെ നടുക്കത്തിലാണ് പാങ്ങ് ഗ്രാമമൊന്നാകെ.
പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ഒൻപത് ആംബുലൻസുകളിലായി എത്തിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ ഒൻപത് മണി മുതല്‍ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ വളപ്പില്‍ പൊതുദർശനത്തിന് വെക്കും.
തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം രാത്രി പന്ത്രണ്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികള്‍ പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് വിലാപയാത്രയായി മൃതദേഹങ്ങള്‍ കേരളത്തിലേക്ക് തിരിച്ചു. സ്കൂളിലെ ഒരു മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പള്ളിപ്പറമ്പ് ഗവ. എല്‍.പി. സ്കൂള്‍ പ്രധാനാധ്യാപിക പി. അജിതയുടെ സംസ്കാരം ഷൊർണ്ണൂരിലാണ് നടക്കുക. പൊതുദർശനത്തിന് ശേഷം പുലാമന്തോളിലെ വീട്ടിലെത്തിച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍. അധ്യാപികയായ ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
മറ്റ് ആറുപേരുടെയും സംസ്കാരം പാങ്ങിലെ വിവിധ ഖബർസ്ഥാനുകളില്‍ നടക്കും. അധ്യാപിക റംലത്ത്, പാചകത്തൊഴിലാളി സാജിത, അധ്യാപിക ഷക്കീന എന്നിവരുടെ സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിലും, അധ്യാപിക സുഹറ, മകൻ ഹിഷാം എന്നിവരുടേത് ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും നടക്കും. അധ്യാപകൻ അബ്ദുല്‍ മജീദും ഭാര്യ റുഖിയയും മാട്ടാത്ത് ഖബർസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളും.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം വാല്‍പ്പാറയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. പള്ളിപ്പറമ്പ് ഗവ. എല്‍.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളുമാണ് മരിച്ചവർ. പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവർത്തകരെയും അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് പാങ്ങിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്കൂള്‍ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹദീൻ (11) എന്നിവർ കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.അതേസമയം, മരിച്ച ഷക്കീനയുടെ മകള്‍ മസ്നീൻ (11) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ നിലവില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടി ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *