‘ഞാൻ യോഗി ആദിത്യ നാഥിന്റെ ജാതിയായ ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള വനായിട്ടും ജീവിതകാലം മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്തിട്ടും തന്റെ ചേംബർ പൊളിച്ചു നീക്കി’ അഭിഭാഷകൻ്റെ വീഡിയോ വൈറലാകുന്നു.
അലഹബാദ് : അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കോടതിക്ക് സമീപമുള്ള 240 ഓളം അഭിഭാഷകരുടെ അനധികൃത ചേംബറുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നതിനിടെ ഠാക്കൂർ ജാതിക്കാരനായ എസ്.പി സിങ് എന്ന അഭിഭാഷകന്റെ വികാരപ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
താൻ യോഗി ആദിത്യനാഥിന്റെ ജാതിയായ ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ളവനായിട്ടും ജീവിതകാലം മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്തിട്ടും തന്റെ ചേംബർ പൊളിച്ച നീക്കി എന്നാണ് ഇദ്ദേഹം പറയുന്നത്. ആർഎസ്എസ്സിൽ തുടരുമെങ്കിലും ജീവിതത്തിൽ ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും എസ്പി സിങ് പറയുന്നു.
ജില്ലാ മജിസ്ട്രേറ്റ് ഓഫീസ്, പഴയ ഹൈക്കോടതി സമുച്ചയം, സെഷൻസ് കോടതി, രജിസ്ട്രി ഓഫീസ് പരിസരം എന്നിവിടങ്ങളിലെ 240 ഓളം അനധികൃത അഭിഭാഷക ചേമ്പറുകളും കടകളുമാണ് അധികൃതർ പൊളിച്ചുനീക്കിയത്. പൊതുസ്ഥലങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും തടസ്സപ്പെടുത്തുന്ന കയ്യേറ്റങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പൊതുതാൽപര്യ ഹർജി (പി.ഐ.എൽ) പരിഗണിച്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സർക്കാർ ഭൂമിയിലാണ് ഇവ അനധികൃതമായി നിർമ്മിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അഭിഭാഷകരുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ബുൾഡോസറുകൾ ഉപയോഗിച്ചുള്ള നടപടി ആരംഭിച്ചത്. കൃത്യമായ നോട്ടീസ് നൽകിയില്ലെന്നും പൊളിക്കുന്നതിന് മുൻപായി ചേമ്പറുകൾ വ്യക്തമായി അടയാളപ്പെടുത്തിയിരുന്നില്ലെന്നും ചിലർ ആരോപിച്ചു. പ്രതിഷേധിച്ച അഭിഭാഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ഇത് ലാത്തിച്ചാർജിലേക്ക് നയിക്കുകയും ചെയ്തു. സ്വന്തം ചേംബറിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച ഒരു അഭിഭാഷകനെ പൊലീസ് പിരിന്തിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് കർശനമായി പാലിച്ചാണ് നടപടിയെന്നും അഭിഭാഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) കമലേഷ് ദീക്ഷിത് പറഞ്ഞു.

