യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 20 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു

ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മാസങ്ങള്‍ പിന്നിടവേ, യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ 20 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി.ബി.സിയുടെ ഫാക്ട് ചെക്കിങ് വിഭാഗമായ ‘ബി.ബി.സി വെരിഫൈ’ വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്ക മുന്‍പ് പരസ്യമായി സമ്മതിച്ചതിനേക്കാള്‍ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു.
അമേരിക്കന്‍ വ്യോമസേനയുടെ അടയാളങ്ങളുള്ളതകര്‍ന്നുവീണ ഒരു ഇ-3 സെന്‍ട്രി നിരീക്ഷണ വിമാനത്തിന്റെ പ്രൊമോ ചിത്രങ്ങളും ബി.ബി.സി പുറത്തുവിട്ടിട്ടുണ്ട്.വിമാനത്തിന്റെ വാല്‍ ഭാഗം പൂര്‍ണ്ണമായി വേര്‍പെട്ട നിലയിലും അവശിഷ്ടങ്ങള്‍ ചുറ്റും ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങളാണുള്ളത്. യു.എസ് ബേസുകളില്‍ തകര്‍ന്നടിഞ്ഞ വിമാന ഹാംഗറുകള്‍ കാണിക്കുന്ന ഉപഗ്രഹ ചിത്രത്തിനൊപ്പമാണ് ഈ ചിത്രവും ഉള്ളത്.
ഫെബ്രുവരി അവസാനം മുതല്‍ മിഡില്‍ ഈസ്റ്റിലെ എട്ട് രാജ്യങ്ങളിലെ പ്രധാന യു.എസ് താവളങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഖത്തര്‍, കുവൈറ്റ്, ഇറാഖ്, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വ്യോമതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്
അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, റഡാറുകള്‍, ഇന്ധനം നിറയ്ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതിലൂടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആക്രമിക്കപ്പെട്ട താവളങ്ങളുടെ എണ്ണം 28 വരെ ആയേക്കാമെന്നാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറാനിലും ലെബനനിലും അമേരിക്കയും ഇസ്രഈലും നടത്തിയ സംയുക്ത ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ടെഹ്‌റാന്‍ ഈ തിരിച്ചടി നല്‍കിയത്.
അതേസമയം, തങ്ങള്‍ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ആരംഭിച്ചതിനുശേഷം ഇറാനിലെ 13,000-ത്തിലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെടുന്നു. ഇറാന്‍ സൈന്യം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു എന്നായിരുന്നു വൈറ്റ് ഹൗസിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന.
എന്നാല്‍, അമേരിക്കന്‍ കേന്ദ്രങ്ങളില്‍ ദൃശ്യമാകുന്ന നാശനഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍, ടെഹ്‌റാന്റെ പ്രത്യാക്രമണങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മുമ്പ് സമ്മതിച്ചതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന് പ്രതിരോധ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ബി.ബി.സി വെരിഫൈയുടെ ഈ കണ്ടെത്തലുകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *