മഴക്കെടുതിയിൽ മരണം 20; മരണം കൂടുതൽ മലപ്പുറത്തും കോട്ടയത്തും .സംസ്ഥാനത്ത് ലഭിച്ചത് 235 ശതമാനം അധിക മഴ
തിരുവനന്തപുരം:
ഇന്നും അതി ശക്തമായ മഴ തുടരുന്നതിനിടെ വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും 3 ദിവസംകൊണ്ട് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളപ്പാച്ചിലിൽ കാണാതായ 7 പേർക്കായി തിരച്ചിൽ തുടരുന്നു. 17 പേർ മരിച്ചെന്നും 5 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്ക്. കോട്ടയത്തും മലപ്പുറത്തുമാണു മരണം കൂടുതൽ – 4 വീതം. രണ്ടിടത്തും ഓരോരുത്തരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ഓരോരുത്തർകൂടി മരിച്ചതോടെ തിരുവനന്തപുരത്തും കൊല്ലത്തും മരണം 3 വീതമായി. തിരുവനന്തപുരത്ത് 2 പേരെയാണു കാണാതായത്. കൊല്ലത്ത് ഒരാളെയാണു കണ്ടെത്താനുള്ളത്. ഇടുക്കിയിൽ 2 പേരാണു മരിച്ചത്. കണ്ണൂരിൽ ഒരു മരണം, 2 പേരെ കാണാതായി. പത്തനംതിട്ടയിലും കോഴിക്കോട്ടും എറണാകുളത്തും ഓരോ മരണം. 353 ദുരിതാശ്വാസ ക്യാംപുകളിലായി 13,496 പേരുണ്ട്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞദിവസം വെള്ളമിറങ്ങിയ റാന്നിയിൽ വീണ്ടും വെള്ളം കയറിത്തുടങ്ങിയത് ആശങ്കയായി. പമ്പയിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലാണു രൂക്ഷമായ മഴക്കെടുതികൾ. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിലായി. തൃശൂരിൽ അണ്ടത്തോട് – പെരിയമ്പലം ലിങ്ക് റോഡ് കടലെടുത്തു. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. മലപ്പുറം ജില്ലയിൽ ഇന്നലെ ഒരിടത്തു മണ്ണിടിച്ചിലും മറ്റൊരിടത്ത് ഉരുൾപൊട്ടലുമുണ്ടായി. കാസർകോട് ജില്ലയിലെ തയ്യേനിയിൽ ഉരുൾപൊട്ടിയ ഭാഗത്ത് മലവെള്ളപ്പാച്ചിൽ തുടരുകയാണ്. നീലേശ്വരം ഭാഗത്തു വെള്ളമിറങ്ങിത്തുടങ്ങി.
സംസ്ഥാനത്ത് ലഭിച്ചത്
235 ശതമാനം അധിക മഴ
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴ.
55.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 184.2 മില്ലിമീറ്ററും. മൂന്നുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്.
പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിൽ 257.4 മില്ലിമീറ്റർ മഴ പെയ്തു (326 ശതമാനം അധികം). ലഭിക്കേണ്ടിയിരുന്നത് 60.4 മില്ലിമീറ്ററാണ്. കണ്ണൂരിൽ 227 ശതമാനം (207 ശതമാനം അധികം) മഴ പെയ്തു.

