ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചാല്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് ഇറാന് പാര്‍ലമെന്റ് അംഗം ഫദാ ഹുസൈന് മാലെകി.
ടെഹ്റാൻ :ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചാല്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് ഇറാന് പാര്‍ലമെന്റ് അംഗം ഫദാ ഹുസൈന് മാലെകി.ഇറാന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷന് അംഗമാണ് മാലെകി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആണവാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ട്രംപ് അത്തരമൊരു നടപടി സ്വീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും, എന്നാല്‍ അശ്രദ്ധമായ നീക്കം ലോകത്തെ അപകടകരമായ യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും മാലെകി പറഞ്ഞെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ട്രംപിന്റെ വാദം ഞാന്‍ തള്ളിക്കളയുന്നില്ല. പക്ഷേ അത്തരമൊരു പ്രവൃത്തിചെയ്യാന്‍ അദ്ദേഹം ധൈര്യപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഒരു നടപടി സ്വീകരിച്ചാല്‍ ഇറാനും പ്രതികരിക്കും, ഇറാനെതിരെ ഉപയോഗിക്കുന്ന ആയുധം തന്നെ ഞങ്ങളും തിരിച്ച് ഉപയോഗിക്കും,’ മാലെകി പറഞ്ഞു.
അമേരിക്ക ആണവായുധം ഉപയോഗിച്ചാല്‍ ഇറാന്റെ പ്രതികരണം ഉപയോഗിക്കുന്ന ആയുധത്തിന്റെ സ്വഭാവത്തിന് അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചു. അമേരിക്ക ആണവായുധം ഉപയോഗിച്ചാല്‍ ഇറാനും ആണവായുധം ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇറാന്റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് മാലെകി വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ പല ആയുധങ്ങളും സൈനിക ശേഷികളും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് ഇപ്പോള്‍ പ്രതിരോധ നിലപാടില്‍ നിന്ന് സജീവവും ആക്രമണാത്മകവുമായ പ്രതിരോധത്തിലേക്ക് മാറിയതായും മാലെകി പറഞ്ഞു.
അമേരിക്ക കൂടുതല്‍ സൈനിക നടപടി സ്വീകരിച്ചാല്‍ ഇറാന് നിരവധി മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാനാകുമെന്നും, തിരിച്ചടി അതേ നിലവാരത്തിലോ അതിനും മുകളിലോ ആയേക്കാമെന്നും ഇറാന് എം.പി മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഇറാനില്‍ സംയുക്ത ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് മാസങ്ങളായി ശത്രുതയിലാണ് ഇരു രാജ്യങ്ങളും.
ഇറാന് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിച്ച് ചര്‍ച്ച നടത്താന്‍ അമേരിക്ക ഇപ്പോള്‍ അപേക്ഷിക്കുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇറാനെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നിലപാടിലെ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി

