AI girlfriend

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക‍ു സാധ്യത: സൈറണുകൾ മുഴങ്ങും

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിനും നാലരയ്ക്കും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉത്രാടം ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും തിരുവോണത്തിന് (26–08–2026) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (25/08/2026) രാവിലെ 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ പകൽ 08.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *