സ്ത്രീ പൊതു പ്രവേശത്തിൽ എ.പി അബൂബക്കർ മുസ് ലിയാർ നടത്തിയ പ്രസ്താവനയിൽ സി.പി.എം ന് പിറകെ വിമർശനവുമായി കോൺഗ്രസും
തിരുവനന്തപുരം: സ്ത്രീ പൊതു പ്രവേശത്തിൽ എ.പി അബൂബക്കർ മുസ് ലിയാർ നടത്തിയ പ്രസ്താവനയിൽ സി.പി.എം ന് പിറകെ വിമർശനവുമായി കോൺഗ്രസു .കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവന കാലത്തിന് ചേരാത്തതെന്ന് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടാണ്. രാജ്യത്തിന്റെ രാഷ്ട്രപതി വനിതയാണ്. ലോകത്ത് പലയിടത്തും വനിതകള്‍ രാജ്യത്തെ നയിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ലോകത്തിന് അനുകരണീയമല്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലിംഗ ഭേദമില്ലാതെ മനുഷ്യരെല്ലാവരും പ്രപഞ്ചത്തിന്റെ നേരവകാശികളാണ്. എന്നാല്‍ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾ പൊതുരംഗത്തേക്ക് വരരുതെന്ന നിലപാടിനോട് യോജിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സമസ്ത മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം ആവശ്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെപിസിസി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് പറഞ്ഞു. ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നാടിന്റെ പുരോഗതിക്കായുള്ള നിലപാട് സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന പ്രതിലോമകരമായ ചിന്താഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഭരണഘടനാപരമായ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസൻസ് ഒരാൾക്കുമില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് ഉണ്ടായ ഉയര്‍ച്ച കാണാതിരിക്കരുതെന്നും പേരാമ്പ്രയില്‍ മുസ്‌ലിം വനിതയാണ് വിജയിച്ചതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു. അത് കാലത്തിന്റെ മാറ്റമാണ്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസിലാക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയില്‍ താന്‍ കമന്റ് ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ പ്രതികരണം. ചോദ്യം ആവര്‍ത്തിച്ച മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനാകുകയും ചെയ്തു.
ഇത് സ്ത്രീകളുടെ തുല്യതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാലമാണെന്നും അതിനപ്പുറത്തേക്ക് ഒരു അഭിപ്രായം പറയുന്നില്ലെന്നുമാണ് സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പ്രതികരിച്ചത്. റവന്യൂ മന്ത്രി എ.പി അനില്‍ കുമാറും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം ഇടത് നേതാക്കള്‍ കാന്തപുരത്തിന്റെ പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഏറെ ബഹുമാനിക്കുന്ന മതപണ്ഡിതനാണ് കാന്തപുരം മുസ്‌ലിയാരെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സ്ത്രീകളെ തരംതാഴ്ത്തുന്നതാണെന്നും മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി പറഞ്ഞു.
ഇത്തരം പരാമര്‍ശങ്ങളെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഇത്തരം പരാമര്‍ശങ്ങളെ കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല. സ്ത്രീ ഇന്ത്യയിലെ പൗരയല്ലേ? ഇന്ത്യയിലെ സ്ത്രീകളെ മതപണ്ഡിതരും അംഗീകരിക്കണം.
മൗലികാവകാശങ്ങള്‍ മതത്തിന്റെ പേരില്‍ തടയരുതെന്നും പി.കെ ശ്രീമതി പറഞ്ഞു.
പൊതുയിടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന് വിലക്കിക്കൊണ്ടുള്ള കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

