യമുന എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒമ്പത് പേര് മരിച്ചു
നോയിഡ :യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ യമുന എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒമ്പത് പേര് മരിച്ച. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് പോവുകയായിരുന്ന ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു.
നോയിഡ-ആഗ്ര റൂട്ടിലെ 33ാം മൈലിന് സമീപം എത്തിയപ്പോള്‍ ഡ്രൈവറുടെ ക്യാബിനില്‍ നിന്ന് കത്തുന്ന മണം അനുഭവപ്പെട്ടതായി രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ പറയുന്നു. ഇക്കാര്യം ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചെങ്കിലും അവര്‍ മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. ബസിന്റെ ക്യാബിനില്‍വച്ച് ഡ്രൈവറും കണ്ടക്ടറും സിഗരറ്റ് വലിച്ചിരുന്നതായും പറയുന്നു. പിന്നാലെ ഡ്രൈവറുടെ സീറ്റിന് സമീപം തീപിടിത്തമുണ്ടായെന്നും യാത്രക്കാര്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ആദ്യം നിര്‍ത്തിയില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ അതിവേഗം ബസിലാകെ പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ബസിനുള്ളില്‍ കനത്ത പുക നിറഞ്ഞതോടെ ശ്വാസംമുട്ടുന്ന സാഹചര്യമുണ്ടായി. തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ രക്ഷപ്പെടാനായി ബസില്‍ നിന്ന് പുറത്തേക്ക് ചാടി.
മരിച്ചവരുടെ കുടുംബങ്ങളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

