AI girlfriend

എസ് ഐ ആർ12 കോടി ജനങ്ങളെ പുറത്തള്ളി , പ്രതിഷെധം തണുപ്പിക്കാൻ പുതിയ ഉത്തരവുമായി ഗ്യാനേഷ് കുമാർ .

ഡല്‍ഹി: പന്ത്രണ്ട് കോടി ജനങ്ങളെ പുറന്തള്ളിയ വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണമായ (എസ്ഐആര്‍) നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നിലപാട് മയപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍.

എസ്ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായവരെ വീണ്ടും ഉള്‍പ്പെടുത്താന്‍ പ്രത്യേക ഡ്രൈവ് നടത്താനുള്ള തീരുമാനം കമ്മിഷന്‍ പ്രഖ്യാപിച്ചു. എസ്ഐആറിനിടെ ഒഴിവാക്കപ്പെട്ടവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും സാധാരണ ഫോം 6 വഴി പട്ടികയില്‍ തിരിച്ചുകയറാനുള്ള അവസരമാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മനം മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിര്‍ന്ന ബിജെപി നേതാക്കളും അടുപ്പം പുലര്‍ത്തുന്ന കേന്ദ്ര മന്ത്രിമാരും ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറില്‍ നന്ന നീറ്റ് വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ ഒരു പ്രക്ഷോഭം ഇനി അനുവദിക്കരുതെന്നും അത്തരമൊരു പ്രതിഷേധം ഉയര്‍ന്നാല്‍ പ്രതിപക്ഷം പിന്തുണച്ച് രംഗത്തും വരുമെന്നും നേതാക്കള്‍ മോദിക്ക് മുന്നറിയിപ്പ് നല്‍കി. ഇത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ മോദിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടായത്. ഇതോടെ നിലപാട് മാറ്റാന്‍ തയ്യാറാകുകയായിരുന്നു.

13 കോടിയിലേറെ പേരെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കടുത്ത രാഷ്ട്രീയ വിവാദം നിലനില്‍ക്കുന്നതിനിടെയാണ് കമ്മിഷന്റെ പുതിയ നീക്കം. ഒഴിവാക്കപ്പെട്ടവരെ തിരിച്ചെടുക്കാന്‍ പ്രത്യേക നടപടി വേണമെന്ന സാഹചര്യം തന്നെ എസ്ഐആര്‍ പ്രക്രിയയിലെ പിഴവുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശക്തി പകരുകയാണ്. അതേസമയം, എസ്ഐആറിന്റെ അടിസ്ഥാന നടപടികള്‍ തെറ്റായിരുന്നുവെന്ന് കമ്മിഷന്‍ ഔദ്യോഗികമായി സമ്മതിച്ചതായി പറയാനാകില്ല. കമ്മിഷന്റെ വിശദീകരണം, അര്‍ഹരായ ആരും പട്ടികയ്ക്ക് പുറത്താകാതിരിക്കാനുള്ള തുടര്‍നടപടിയെന്നാണ്.

എന്നാല്‍, പ്രതിഷേധവും രാഷ്ട്രീയ സമ്മര്‍ദവും കോടതിയിലെ പരിശോധനയും ശക്തമാകുന്നതിനിടെ കമ്മിഷന്‍ തുടര്‍ച്ചയായി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം ചെറുതല്ല. മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ നോട്ടീസ് ലഭിച്ച വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി രേഖകള്‍ ശേഖരിക്കാമെന്നും പുതിയ നിര്‍ദേശം വന്നിട്ടുണ്ട്. ആരുടെയും പേര് തിടുക്കത്തില്‍ ഒഴിവാക്കരുതെന്നും മഹാരാഷ്ട്രയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മിഷനുള്ളില്‍ തന്നെ പൊട്ടിത്തെറി

എസ്ഐആറിനെതിരായ സംശയങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നത് കമ്മിഷനുള്ളിലെ ഭിന്നത സംബന്ധിച്ച വെളിപ്പെടുത്തലുകളാണ്. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനുള്ള ഫോം 6-ല്‍ വരുത്തിയ മാറ്റം, വോട്ടര്‍ ഡാറ്റാബേസിന്റെ നിയന്ത്രണം കേന്ദ്രീകരിക്കുന്ന നടപടികള്‍, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും നീക്കം ചെയ്യലുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയവയിലാണ് കമ്മിഷനില്‍ എതിര്‍പ്പുണ്ടായത്. വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ ഡാറ്റാബേസിലേക്കുള്ള നിയന്ത്രണം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ന്നിരുന്നു.

പുറത്താക്കിയവര്‍ക്കായി വീണ്ടും ഫോം 6

ഇപ്പോഴത്തെ പ്രത്യേക ഡ്രൈവില്‍ എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ പുറത്തായ വോട്ടര്‍മാര്‍ക്ക് സാധാരണ ഫോം 6 ഉപയോഗിച്ച് വീണ്ടും പേര് ചേര്‍ക്കാം. എസ്ഐആര്‍ കാലയളവില്‍ നടത്തിയ പ്രഖ്യാപനം ഇതിന് ബാധകമാകില്ലെന്നാണ് കമ്മിഷന്റെ നിര്‍ദേശം.
ഇതോടെ ”എസ്ഐആറില്‍ പുറത്തായവര്‍ക്ക് വോട്ടവകാശം വീണ്ടെടുക്കാന്‍ വീണ്ടും അവസരം നല്‍കേണ്ട സാഹചര്യം എന്തുകൊണ്ടുണ്ടായി?” എന്ന പ്രതിപക്ഷ ചോദ്യത്തിന് രാഷ്ട്രീയ പ്രസക്തി വര്‍ധിച്ചു. അതേസമയം, പ്രത്യേക ഡ്രൈവ് എന്നത് എസ്ഐആറിന്റെ നിയമസാധുതയെയോ ഇതിനകം നടന്ന തിരഞ്ഞെടുപ്പുകളെയോ സ്വമേധയാ അസാധുവാക്കുന്ന നടപടിയല്ലെന്നതും ശ്രദ്ധിക്കണം.

നിയമസാധുതയും ചോദ്യം

എസ്ഐആറുമായി ബന്ധപ്പെട്ട നടപടികളില്‍ സുപ്രീംകോടതിയിലും നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കമ്മിഷന്റെ കൂട്ടായ തീരുമാനമെടുക്കല്‍ നടപടികള്‍ പാലിച്ചോ എന്നതടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട നടപടികള്‍ നിയമാനുസൃതമാണെന്നും കമ്മിഷന്റെ തീരുമാനങ്ങള്‍ കൂട്ടായാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ആഭ്യന്തര ഭിന്നത സംബന്ധിച്ച റിപ്പോര്‍ട്ടുകളെ സാധാരണ അഭിപ്രായവ്യത്യാസങ്ങളായാണ് കമ്മിഷന്‍ വിശദീകരിച്ചിട്ടുള്ളത്.

അതിനാല്‍, പ്രതിഷേധത്തിന് മുന്നില്‍ കമ്മിഷന്‍ മുട്ടുമടക്കി എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകില്ലെങ്കിലും, പുറത്തായ വോട്ടര്‍മാരെ തിരിച്ചെടുക്കാന്‍ പ്രത്യേക ഡ്രൈവ്, ഹിയറിങ് നടപടികളിലെ ഇളവ്, മഹാരാഷ്ട്രയില്‍ തിടുക്കത്തില്‍ പേരുകള്‍ നീക്കരുതെന്ന നിര്‍ദേശം എന്നിവ എസ്ഐആര്‍ നടപടിയില്‍ കമ്മിഷന്‍ തിരുത്തല്‍ സമീപനം സ്വീകരിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ്.

Leave a Reply

Your email address will not be published. Required fields are marked *