മരുമകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർതൃപിതാവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മരുമകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർതൃപിതവിനെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിയാണ് പിടിയിലായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുളത്തൂപ്പുഴ സ്വദേശിനിയായ സ്ത്രീയുമായി പരിചയത്തിലാവുകയും പിന്നീട് ഇവരെ വിവാഹം കഴിച്ച് കുളത്തൂപ്പുഴയിൽ താമസമാക്കുകയുമായിരുന്നു. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ മകന്റെ ഭാര്യയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
വീട്ടിലെ മറ്റുള്ളവർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്ന യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതോടെ യുവതി നിലവിളിക്കുകയും സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയുമായിരുന്നു.
തുടർന്ന് യുവതി കുളത്തൂപ്പുഴ പൊലീസിനെ സമീപിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ആരോപണവിധേയനായ കരുനാഗപ്പള്ളി സ്വദേശിയെ പിടികൂടുകയുമായിരുന്നു.
“അറസ്റ്റിലായ പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

