കായികമാമാങ്കം കോഴിക്കോട്ട് കൊടിയേറി : വർണാഭമായ തുടക്കം :4000 താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റ് ട്രാക്കിലും ഫീൽഡിലും മിന്നാൻ 10,000 പ്രതിഭകൾ
കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികരംഗത്തെ പുതിയ ചരിത്രത്തിലേക്ക് നയിച്ചുകൊണ്ട് 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ വർണാഭമായ തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കായികമേള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) സിന്തറ്റിക് ട്രാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പി ദീപശിഖ തെളിയിച്ചതോടെ കായികമാമാങ്കത്തിന് ആവേശകരമായ തുടക്കമായി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന ആകർഷകമായ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകൾ, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഉൾപ്പെടെ 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ മന്ത്രി എൻ ഷംസുദ്ദീൻ സല്യൂട്ട് സ്വീകരിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണാഭമായ സാംസ്കാരിക പരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.
ചടങ്ങിൽ മന്ത്രിമാരായ ടി സിദ്ദിഖ്, ഒ ജെ ജനീഷ്, എം കെ രാഘവൻ എംപി, കോർപറേഷൻ മേയർ ഒ സദാശിവൻ, എം.എൽ.എമാരായ എം.എ. റസാഖ് മാസ്റ്റര്‍, പാറക്കൽ അബ്ദുള്ള, കെ. ജയന്ത്, കെ പ്രവീൺകുമാർ, കെ.കെ. രമ, സി.കെ. കാസിം, ഫൈസൽ ബാബു, പി.കെ. ഫിറോസ്, വി.ടി. സൂരജ്, ഫാത്തിമ തഹ്ലിയ, വിദ്യാ ബാലകൃഷ്‌ണൻ, ടി പി അഷ്‌റഫ് അലി, , ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സജിത്ത് ബാബു, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, അഡിഷണൽ ഡയറക്ടർ സി എ സന്തോഷ്, കൈറ്റ് സി ഒ അൻവർ സാദത്ത്, സിറ്റി പോലീസ് കമ്മിഷണർ എ പി ഷൗക്കത്തലി, വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ് അമൃത, എസ്എസ്കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ നിസാർ ചേലരി, ഒളിപ്യൻ പി ആർ ശ്രീജേഷ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*പോരാട്ടം 117.5 പവന്റെ സ്വർണ്ണക്കപ്പിനായി*
വേഗതയുടെയും കരുത്തിന്റെയും പുതിയ റെക്കോർഡുകൾ കുറിക്കാൻ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ മാറ്റുരയ്ക്കുന്ന അത്ലറ്റിക്സ് മത്സരങ്ങൾ ഉൾപ്പെടെ 10 വേദികളിലായി 10,000-ത്തോളം കായിക പ്രതിഭകളാണ് ഇത്തവണ രംഗത്തുള്ളത്. 14 ജില്ലകളിൽ നിന്നുള്ള താരങ്ങൾക്ക് പുറമേ
ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വർണ്ണക്കപ്പാണ് സമ്മാനമായി ലഭിക്കുക.
*മത്സരങ്ങൾ 10 വേദികളിൽ*
എൻ.ഐ.ടിയിലെ സിന്തറ്റിക് ട്രാക്കാണ് മേളയുടെ പ്രധാന വേദി. കൂടാതെ പി.ടി.എം.എച്ച്.എസ്.എസ് കോടിയത്തൂർ,സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ, എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം, ദയാപുരം റെസിഡൻഷ്യൽ സ്കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, ആർ.ഇ.സി ജി.വി.എച്ച്.എസ് സ്കൂൾ ചാത്തമംഗലം, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ പാറോപ്പടി, പ്രസന്റേഷൻ എച്ച്.എസ്.എസ് ചേവായൂർ, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികൾ.
എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ നാളെ (ഒക്ടോബർ 26) ആരംഭിക്കുന്ന ഇൻക്ലൂസീവ് അത്ലറ്റിക്സോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്. ഒക്ടോബർ 27 മുതൽ 31 വരെ പ്രധാന അത്ലറ്റിക്സ് ഇനങ്ങൾ നടക്കും.ഇതുകൂടാതെ വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, കരാട്ടെ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ,ഇൻക്ലൂസീവ് ക്രിക്കറ്റ്, ഇൻക്ലൂസീവ് ബോക്സ്ബോൾ, ഇൻക്ലൂസീവ് ഹാൻഡ്ബോൾ, ഇൻക്ലൂസീവ് ബാഡ്മിന്റൺ,ഇൻക്ലൂസീവ് ഫുട്ബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ക്രോസ് കൺട്രി തുടങ്ങിയ മത്സരങ്ങൾ വിവിധ വേദികളിലായി അരങ്ങേറും.

