ഇന്ത്യ പോസ്റ്റിൽ 28,740 ഒഴിവുകൾ; കേരളത്തിൽ 1,691 അവസരങ്ങൾ.

ന്യൂഡൽഹി: ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് വൻതോതിൽ നിയമനം. 23 സർക്കിളുകളിലായി ആകെ 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിൽ മാത്രം 1,691 ഒഴിവുകളുണ്ട്.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവക് തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ് പാസായവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. പ്രത്യേകം എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല. പത്താം ക്ലാസ് വിജയം (മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം).

പ്രാദേശിക ഭാഷാ പരിജ്ഞാനവും സൈക്കിൾ ചവിട്ടാനുള്ള കഴിവും നിർബന്ധം. 18 – 40 വയസ്സ് പ്രായപരിധിയുണ്ട് (പട്ടികജാതി പട്ടികവർഗം വിഭാഗത്തിന് 5 വർഷവും ഒബിസി വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും).
ബിപിഎം തസ്തികയ്ക്ക് 12,000 – 29,380 രൂപ വരെയും, എബിപിഎം/ഡാക് സേവക് തസ്തികയ്ക്ക് 10,000 – 24,470 രൂപ വരെയുമാണ് ശമ്പള സ്കെയിൽ. 100 രൂപയാണ് അപേക്ഷാഫീസ് (വനിതകൾ, പട്ടികജാതി /പട്ടികവർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല).

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് രജിസ്‌ട്രേഷൻ. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ഫെബ്രുവരി 18, 19 തീയതികളിൽ അവസരമുണ്ടാകും. ആദ്യ മെറിറ്റ് ലിസ്റ്റ് ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *