‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം യൂട്യൂബേഴ്സാണ് ദയവ് ചെയ്ത് മുഖ്യമന്ത്രി ഇടപെടണം’ വീഡിയോ വൈറലാവുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് മലയാളം സീരിയൽ ആർട്ടിസ്റ്റ് രേഖ രതീഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വിഡിയോ ആരംഭിക്കുന്നത്.
‘മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനായി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ.

എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഞങ്ങളെ രക്ഷിക്കണം’. – രേഖ വിഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ
വൈറലായിരുന്നു. എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം’’ എന്നാണ് രേഖ രതീഷ് ആ റീലിൽ പറയുന്നത്. പിന്നാലെ നടനും സുഹൃത്തുമായ ഈശ്വറുമായി താരം വിഡിയോ
കോളിൽ സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

“എ ന്യൂ ചാപ്റ്റർ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്തിറക്കിയത്. എന്നാല്‍ ഈ വിഡിയോയ്ക്കു താഴെ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിരുന്നു. രേഖ അഞ്ചാം വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞ് കുറേ യൂട്യൂബർമാർ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിനെ പരാമർശിച്ചാണോ ഈ വിഡിയോ എന്ന് വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *