ഇസ്രഈല്‍ ഗസയിലെത്തിച്ചത് ഫലസ്തീനികളുടെ തലയോട്ടികളും വികൃതമാക്കിയ മൃതദേഹങ്ങളുമടങ്ങിയ പെട്ടികള്‍: ജെര്‍മി കോര്ബിന്
ലണ്ടന്‍: ഫലസ്തീനികളുടെ തലയോട്ടികളും വികൃതമാക്കിയ ശരീരാവശിഷ്ടങ്ങളും അടങ്ങിയ ഡസന്‍ കണക്കിന് പെട്ടികള്‍ ഗസയിലേക്ക് ഇസ്രഈല്‍ അയച്ചതായി ബ്രിട്ടനിലെ സ്വതന്ത്ര എം.പിയും മുന്‍ ലേബര്‍ നേതാവുമായ ജെര്‍മി കോര്ബിന്.
ഗസയിലെ അല്‍ ഷിഫ ആശുപത്രിയുടെ ഡയറക്ടറില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് കോര്ബിന് പുറത്തുവിട്ടത്. പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണ് ഇസ്രഈല്‍ ഗസയില്‍ എത്തിച്ച പെട്ടിയില്‍ ഉള്ളത്.
ഇതില്‍ ഭൂരിഭാഗവും ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്ത നിലയിലാണെന്നും ആരോപണമുണ്ട്. മൃതശരീരങ്ങളില്‍ ശസ്ത്രക്രിയകള്‍ നടന്നതിന്റെ തെളിവുകളുണ്ടെന്നും കോര്ബിന് പറഞ്ഞു.
ഏകദേശം 66 പെട്ടികളാണ് ഇസ്രഈല്‍ സൈന്യം അല്‍ ഷിഫയില്‍ എത്തിച്ചതെന്ന് ഡോ. മുഹമ്മദ് അബു സാല്‍മിയ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും കോര്ബിന് പറഞ്ഞു.
ഇസ്രഈവംശഹത്യയില് കൊല്ലപ്പെട്ട ഫലസ്തീനികളുടെ തലയോട്ടികള്‍ കണ്ടെത്തുന്നതിനായി ആശുപത്രി ജീവനക്കാര്‍ കണ്ടെയ്നറുകള്‍ തുറന്നതായും കോര്ബിന് പറയുന്നു. കഴിഞ്ഞ ദിവസം ഫലസ്തീന് സോളിഡാരിറ്റി ക്യാമ്പയിന് സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയിലും ജെര്‍മി കോര്ബിന് പങ്കെടുത്തിരുന്നു.ഫലസ്തീനുവേണ്ടി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചതിന് നിലവില്‍ വിചാരണ നേരിടുന്ന ബെന്‍ ജമാലിനെയും ക്രിസ് നിനെഹാമിനെയും പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
പ്രതിഷേധിക്കാനുള്ള അവകാശം നിയന്ത്രിക്കപ്പെടരുതെന്നും ഫലസ്തീന് ജനതയ്ക്കായി സംസാരിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് കോര്ബിന് പറഞ്ഞത്.
നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈല്‍ ആക്രമണത്തില്‍ 75,226 ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. ഇസ്രഈല്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ 171,741 പേര്‍ക്ക് പരിക്കേറ്റതായും ഗസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. കൂടാതെ, തിരിച്ചറിയാത്ത ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ഇസ്രഈല്‍ ഗസയില്‍ എത്തിച്ചിട്ടുണ്ടെന്നും ഗസയിലെ ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. റെഡ് ക്രോസ് മുഖേനയാണ് കൈമാറ്റം നടന്നിരിക്കുന്നത്.
വികൃതമാക്കിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍ സ്വീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. വികൃതമാക്കപ്പെട്ടതിനാല്‍ ഫോറന്‍സിക് മാര്‍ഗങ്ങളിലൂടെ മൃതശരീരങ്ങള്‍ ആരുടെതെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

