ചെന്നൈ അന്താ രാഷ്ട്ര വിമാനത്താ വളത്തിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി.
ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് പിന്നാലെ ടാക്സിവേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി ഷാർജയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഞായറാഴ്ച പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തമിഴ്‌നാട് സ്വദേശിയായ 34കാരനാണ് ഇത്തരത്തിൽ വിമാനത്തിന് പുറത്തേക്ക് ചാടിയത്.
വിമാനം റൺവേയിൽ നിന്നും മാറി ടാക്സിവേയിലൂടെ സാവധാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപകടകരമായ ഈ പ്രവൃത്തി നടന്നത്. 231 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ ഇയാൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിനുള്ളിൽ ഇയാൾ രണ്ട് തവണ ഛർദ്ദിച്ചിരുന്നു. അസ്വസ്ഥതയെത്തുടർന്നുണ്ടായ വെപ്രാളമാകാം ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ്പ്പ്രാഥമിക നിഗമനം.യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻ തന്നെ പൈലറ്റ് വിവരം ഗ്രൗണ്ട് അതോറിറ്റിയെ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുലർച്ചെ 03:23 മുതൽ 04:23 വരെ പ്രധാന റൺവേ താൽക്കാലികമായി അടച്ചിട്ടു. ഈ സമയത്ത് എത്തിയ വിമാനങ്ങൾ സെക്കൻഡറി റൺവേയിലേക്കാണ് തിരിച്ചുവിട്ടത്.

