പശ്ചിമ ബംഗാളിൽ ബുൾഡോസർ ഉരുണ്ടു തുടങ്ങി; കൊല്‍ക്കത്തയിലെ ന്യൂ മാർക്കറ്റില്‍ ബുള്‍ഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ചു
കൊൽക്കത്ത:
പശ്ചിമ ബംഗാളി ബുൾഡോസർ ഉരുണ്ടു തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ഐതിഹാസികമായ ന്യൂ മാർക്കറ്റില്‍ ബുള്‍ഡോസർ ഉപയോഗിച്ച് കെട്ടിട തകർത്തത് വലിയ സംഘർഷത്തിന് കാരണമായി.
ചൊവ്വാഴ്ച രാത്രിയാണ് മാർക്കറ്റിനുള്ളിലെ ഒരു നിർമ്മിതി ബുള്‍ഡോസർ ഉപയോഗിച്ച് നിലംപരിശാക്കിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മാർക്കറ്റ് യൂണിയന്‍റെ ഓഫീസാണ് തകർത്തതെന്നാണ് പുറത്തുവരുന്ന ആരോപണങ്ങള്‍.സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ബുള്‍ഡോസർ കെട്ടിടം തകർക്കുമ്പോള്‍ ചുറ്റും കൂടിയ ജനക്കൂട്ടം തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയ ബിജെപിയുടെ പതാകകള്‍ വീശുന്നതായും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ തകർക്കപ്പെട്ടത് അനധികൃത നിർമ്മാണമാണോ അതോ രാഷ്ട്രീയ പ്രേരിതമായ നീക്കമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘർഷങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ന്യൂ മാർക്കറ്റിലെ ഈ സംഭവം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ന്യൂ മാർക്കറ്റിലുണ്ടായ ഈ അപ്രതീക്ഷിത നീക്കം വ്യാപാരികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വലിയ പരിഭ്രാന്തി പടർത്തിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ചർച്ചകള്‍ക്കും ഈ സംഭവം വഴിതുറന്നേക്കും.

