സെൻസസ് 2027 പോർട്ടലിൽ സെൽഫ് എന്യുമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും.
ന്യൂഡെൽഹി:സെൻസസ്-2027 നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യുമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും ജൂൺ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ പൊതുജനങ്ങൾക്ക് ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
ഇതിനായി പൊതുജനങ്ങൾ se.census.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. തുടർന്ന് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒ.ടി.പി വെരിഫിക്കേഷന് ശേഷം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകാം (ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല). തുടർന്ന് പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെൻസസ് ചോദ്യങ്ങൾക്ക് മറുപടി നൽകി ഫൈനൽ സബ്മിറ്റ് ചെയ്യുന്നതോടെ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് എന്യുമറേഷൻ ഐ.ഡി (എസ്.ഇ.ഐ.ഡി.) ലഭിക്കും. വെറും 15-20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ ലളിതമായി പൂർത്തിയാക്കാൻ സാധിക്കുന്നതാണ്.

