ആറ് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച നടപടിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ആറ് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചസുപ്രീം കോടതിയുടെ ബെഞ്ചിൻ്റെ
വിധിക്കെതിരെ വിമർശിച്ച് മറ്റൊരു ബെഞ്ച്.
“ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ ഉത്തരവിലാണ് വിയോജിപ്പ്. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും ഉജ്ജൽ ഭുയനുമാണ് അതൃപ്തി രേഖപ്പെടുത്തിയത്.
കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ബി.വി നാഗരത്ന പറഞ്ഞു. ഒരു വർഷത്തേക്ക് ജാമ്യാപേക്ഷ നൽകാൻ കഴിയില്ലെന്ന നിർദേശത്തോടും എതിർപ്പ് രേഖപ്പെടുത്തി. വലിയ ബെഞ്ചുകളുടെ ഉത്തരവുകൾ ലഘൂകരിക്കാനോ മറികടക്കാനോ ചെറിയ ബെഞ്ചുകൾക്ക് അധികാരമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി അതൃപ്തിയറിയിച്ചത്.
ഈ വർഷം ജനുവരിയിൽ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ ഖാലിദിനും ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് സുപ്രിംകോടതിയുടെ തന്നെ മുൻപത്തെ മൂന്നംഗ ബെഞ്ചിന്‍റെ ചരിത്രപമായ യൂണിയൻ ഓഫ് ഇന്ത്യ-കെ.എ നജീബ് വിധിയിലെ മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. കടുത്ത നിയമങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലും, ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള ‘വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം’ നിഷേധിക്കാൻ കഴിയില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി.
വിചാരണ പൂർത്തിയാകാതെ ഒരാളെ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടച്ചിടാൻ യുഎപിഎ നിയമത്തിലെ കർശനമായ ജാമ്യവ്യവസ്ഥകൾ കാരണമാക്കരുത്. ചെറിയ ബെഞ്ചുകൾ വലിയ ബെഞ്ചുകളുടെ മുൻവിധികൾ ലംഘിക്കുന്നത് ജുഡീഷ്യൽ അച്ചടക്കത്തിന് നിരക്കാത്തതാണെന്നും ബെഞ്ച് വിമർശിച്ചു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. വിചാരണ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്ക്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രിംകോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹരജി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *