ശുഐബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി.
കണ്ണൂർ:സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വഴിത്തിരിവ്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ കേസിലെ 17 പ്രതികളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് റദ്ദാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട കോടതി, വിചാരണ മനഃപൂർവം വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾക്ക് പൂട്ടിട്ടു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
ഷുഹൈബ്, ആകാശ് തില്ലങ്കേരി
കോടതിയിൽ നാടകീയ രംഗങ്ങൾ
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിൽ തലശ്ശേരി കോടതിയിൽ വിചാരണ ആരംഭിച്ചത്. കേസിന്റെ ഒന്നാം സാക്ഷിയുടെ വിചാരണ വിജയകരമായി പൂർത്തിയായിരുന്നു. എന്നാൽ രണ്ടാം സാക്ഷിയുടെ വിചാരണ ഘട്ടത്തിലേക്ക് കടന്നതോടെ പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ അസാധാരണവും നാടകീയവുമായ നിലപാടുകൾ സ്വീകരിച്ചു.
ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കിയത് ശരിയായ രീതിയിലല്ലെന്ന് കാണിച്ച് പ്രതിഭാഗം നൽകിയ പരാതി കോടതി തള്ളി. ഇതിന് പിന്നാലെ, കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞ് പ്രതിഭാഗം സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിന്നു.
വിചാരണയുമായി സഹകരിക്കില്ലെന്ന പ്രതിഭാഗത്തിന്റെ കടുത്ത നിലപാടിനെ തുടർന്ന്, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
പ്രതിഭാഗത്തിന്റേത് വിചാരണ നീട്ടിപ്പൊഴിക്കാനുള്ള ബോധപൂർവമായ തന്ത്രമാണെന്ന് വിലയിരുത്തിയ കോടതി പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
ക്രൂരമായ കൊലപാതകം
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ് പി ഷുഹൈബ് (29) 2018 ഫെബ്രുവരി 12-നാണ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ ചായ കുടിച്ചിരിക്കുകയായിരുന്ന ഷുഹൈബിന് നേരെ അക്രമിസംഘം ബോംബെറിയുകയും തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കീഴൂർ സ്വദേശി റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്ന ആകാശ് തില്ലങ്കേരി (34), രജിൽ രാജ് (32), ദീപ്ചന്ദ് (33), ടി കെ അസ്‌കർ (34), കെ അഖിൽ (30), പി പി അൻവർ സാദത്ത് (30), സി നിജിൽ (30), പി കെ അഭിനാഷ് (32), എ ജിതിൻ (30), കെ സഞ്ജയ് (31), കെ രജത്ത് (29), കെ വി സംഗീത് (29), കെ ബൈജു (43), കെ പി പ്രശാന്ത് (52), എ പി സനീഷ് (35), എ കെ സുബിൻ (34), വി പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ. സംഭവത്തിന് പിന്നാലെ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
സിബിഐ അന്വേഷണവും പ്രോസിക്യൂട്ടർ നിയമനവും
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീം കോടതിയേയും സമീപിച്ച് ഇതിന് സ്റ്റേ വാങ്ങി. പിന്നീട് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന തീർപ്പിലേക്ക് ഹൈക്കോടതിയെത്തി.
വിചാരണ നേരിടാൻ സ്വന്തം ചെലവിൽ അഭിഭാഷകനെ വെക്കാൻ ഷുഹൈബിന്റെ കുടുംബം അനുമതി തേടിയെങ്കിലും സർക്കാർ ആദ്യം അത് നിഷേധിച്ചു. തുടർന്ന് കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് കുടുംബം നിർദേശിച്ച അഡ്വ. കെ പത്മനാഭനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.

