കോഴിക്കോട് പയ്യോളിയിൽ 9 വയസ്സുകാരന് ഷിഗല്ല..
കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു ഒൻപത് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുറയൂർ പഞ്ചായത്തിലെ 13 വാർഡിലാണ് രോഗം സ്ഥിരീകരിച്ചത് . നിലവിൽ കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടുണ്ട് . പയ്യോളിയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല സ്ഥിരീകരിച്ചത് .പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകര്ച്ചവ്യാധി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.അതേസമയം കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. രണ്ട് ഘട്ടങ്ങളിലായി 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലറിലെ വെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചു.ഇവിടെ പാത്രങ്ങളും ഗ്ലാസുകളും കഴുകാൻ ഉപയോഗിച്ച കിണറ്റുവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്, എന്നാൽ ഇളനീർ ജൂസ് ഉണ്ടാക്കാൻ ഈ വെള്ളം ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.നിലവിൽ ഈ മേഖലയിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.രാജേഷ് അറിയിച്ചു. എങ്കിലും ജാഗ്രതയുടെ ഭാഗമായി ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ജൂൺ 15 മുതൽ ആരംഭിക്കുന്ന മഴക്കാല മുന്നൊരുക്ക പരിശോധനകൾ ഇതോടൊപ്പം കൂടുതൽ ഊർജിതമാക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

