യു എ. ഇ ഉൾപ്പെടെ യുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ പാസ് പോർട്ട് ഫീയിൽ ഇന്ന് മുതൽ പൊള്ളുന്ന വർധന.
അബുദബി:യു. എ. ഇ ഉൾപ്പെടെ യുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ന് മുതൽ പാസ് പോർട്ട് ഫീയിൽ പൊള്ളുന്ന വർധന കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇയിൽ 285 ദിർഹമായിരുന്ന സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 450 ദിർഹമായി ഉയർത്തി. അതായത്, പ്രവാസിക്ക് ഗൾഫിൽ പാസ്പോർട്ട് പുതുക്കാൻ 11,600 രൂപയോളം ചെലവഴിക്കണം.
നാട്ടിൽ 1500 രൂപയായിരുന്ന സാധാരണ പാസ്പോർട്ടിന്റെ ഫീസ് 2,500 രൂപയായി ഉയർത്തിയപ്പോൾ, ഗൾഫിൽ അതേ സേവനത്തിന് 11,600 രൂപയോളം ചെലവ് വരും. കുട്ടികളുടെ പാസ്പോർട്ടിന്റെ നിരക്ക് 190 ദിർഹത്തിൽ നിന്ന് 325 ദിർഹമായി വർധിക്കും. പാസ്പോർട്ട് നഷ്ടപ്പെടുകയോ, നാശം നേരിടുകയോ ചെയ്താൽ അത് പുതുക്കി കിട്ടുന്നതിനുള്ള നിരക്ക് 570 ദിർഹത്തിൽ നിന്ന് 900 ദിർഹമായി വർധിപ്പിച്ചു.
60 പേജുള്ള പാസ്പോർട്ടാണെങ്കിൽ നിരക്ക് ഇതിലും കൂടും. തൽകാൽ സേവനങ്ങളുടെ നിരക്കും വർധിപ്പിപ്പിട്ടുണ്ട്. പൊള്ളുന്ന ഈ ഫീസ് നിരക്കിന് പുറമേ, ICWF ഫണ്ട്, പാസ്പോർട്ട് സേവനം നൽകുന്ന കമ്പനിക്കുള്ള സർവീസ് ചാർജ് എന്നിവ കൂടി നൽകി വേണം ഗൾഫിൽ പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ. പാസ്പോർട്ട് നിരക്കിന് പുറമേ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ നിരക്ക് 95 ദിർഹത്തിൽ നിന്ന് 145 ദിർഹമായും ഉയർത്തി. എമർജൻസി സർട്ടിഫിക്കറ്റിന്റെ നിരക്ക് 60 ദിർഹമായി തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

