ശക്തമായ ഇടപെടൽ ;ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം
ന്യൂഡൽഹി: എസ്.ഐ.ആറിൽ നിന്ന് പേര് വെട്ടി ‘ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്പോർട്ട നിഷേധിച്ചത് ദേശീയ തലത്തിൽ വൻ വിവാദമായതോടെ തിരുത്തൽ നടപടി. പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചതിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് കൊൽക്കത്തയിലെ പാസ്പോർട്ട് ഓഫിസിൽ നിന്ന് ആർ. രാജഗോപാലിനെ ബന്ധപ്പെട്ട് പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
അതിന്റെ തുടർച്ചയെന്നോണം ചൊവ്വാഴ്ച കൊൽക്കത്ത പൊലീസ് വിളിച്ച് തങ്ങളുടെ ഭാഗത്തുനിന്നുള്ള ‘റീ വെരിഫിക്കേഷൻ’ നടപടി തുടങ്ങിയെന്നും അറിയിച്ചു. റീ വെരിഫിക്കേഷന് അപേക്ഷ നൽകാനുള്ള ലിങ്ക് ചൊവ്വാഴ്ച വൈകീട്ട് ലഭിച്ചുവെന്ന് ആർ. രാജഗോപാൽ പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഇടപെട്ടത് കൊണ്ടായിരിക്കാം ബംഗാൾ പൊലീസും പാസ്പോർട്ട് ഓഫിസ് അധികൃതരും സംയുക്തമായി, ഇതുവരെ തടഞ്ഞുവെച്ച പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതെന്നും രാജഗോപാൽ തുടർന്നു.
വിവിധ മാധ്യമ സംഘടനകളും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും രാജഗോപാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപാദാസ് മുൻഷിയും കൊൽക്കത്തയിൽ രാജഗോപാലിന്റെ വസതിയിലെത്തിയാണ് ഐക്യദാർഢ്യം പങ്കുവെച്ചത്. 2002-ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്.
ഗാന്ധിയനും മുൻ പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിതാവ് 2016-ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടർപട്ടികയിൽ ഇല്ലാതെ വരുമെന്നും ആർ. രാജഗോപാൽ ചോദിച്ചിരുന്നു.

