സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ വയോധിക ട്രെയിനിടിച്ച് മരിച്ചു
ചെങ്ങന്നൂർ :റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ വയോധിക ട്രെയിനിടിച്ച് മരിച്ച.എറണാകുളം മുളന്തുരുത്തി സ്വദേശിയായ 61 കാരി രത്നമ്മയാണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ബന്ധുവിനെ സന്ദർശിക്കാനായി ചെങ്ങന്നൂരിലെത്തിയ രത്നമ്മ ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിലേക്കുള്ള യാത്രയിലായിരുന്നു.
തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന ഇവർ ചെറിയനാട് സ്റ്റേഷൻ എത്തിയപ്പോൾ മാവേലിക്കരയാണെന്ന് കരുതി അബദ്ധത്തിൽ ട്രെയിനിൽ നിന്നിറങ്ങുകയായിരുന്നു. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള ഒരു ചെറിയ സ്റ്റേഷനാണ് ചെറിയനാട്. പ്രധാന ട്രെയിനുകൾക്കൊന്നും ഇവിടെ സ്റ്റോപ്പ് ഇല്ല. എന്നാൽ ചില ട്രെയിനുകൾ വളരെ ചുരുങ്ങിയ നേരത്തേക്ക് ഇവിടെ നിർത്താറുണ്ട്.
താൻ ഇറങ്ങിയത് മാവേലിക്കര അല്ലെന്നും ചെറിയനാട് സ്റ്റേഷനാണെന്നും തിരിച്ചറിഞ്ഞ രത്നമ്മ ഉടൻ തന്നെ ഫോണിലൂടെ ബന്ധുക്കളെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കാൽ വഴുതി പ്ലാറ്റ്ഫോമിന് താഴെയുള്ള ഒന്നാം നമ്പർ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ജനശതാബ്ദി എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു

