പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ കാണാതായ കേസിൽ പോലീസ് ന്വേഷണം ഊർജ്ജിതമാക്കി
ആലുവ:പോക് സോ കേസിലെ ഇരയായ പെൺകുട്ടിയെ കാണാതായ കേസിൽപോലീസ് ന്വേഷണം ഊർജിതമാക്കി. ആലുവ എടത്തല ഭാഗത്ത് ശനിയാഴ്ച വൈകുന്നേരം മുതലാണ് പെൺകുട്ടിയെ കാണാതായത്. എടത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതലാണ് കുട്ടിയെ കാണാതായത്. എടത്തല ഓട്ടോ സ്റ്റാൻഡിൽ എത്തിയ ശേഷം കുട്ടി അവിടെ നിന്ന് ഓട്ടോ വിളിച്ച് ആലുവ നഗരത്തിലേക്ക് പോയി എന്ന് പൊലീസ് കണ്ടെത്തി. ആലുവ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ചതായി ഓട്ടോഡ്രൈവർ പൊലീസിന് വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.അന്വേഷണത്തിൽ നിർണായക വിവരം കൂടി പൊലീസിന് ലഭിച്ചു. പോക്സോ കേസിലെ പ്രതിയുടെ ഫോൺ നമ്പറിലേക്ക് കുട്ടി വിളിച്ചതായി കണ്ടെത്തി. കായംകുളം സ്വദേശിയാണ് കേസിലെ പ്രതി എന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ കാണാനില്ലെന്ന് സ്ഥാപന അധികൃതർ ആദ്യം എടത്തല പൊലീസിനെ അറിയിച്ചു. തുടർന്ന് കുടുംബവും പരാതി നൽകി. സംഭവത്തെ തുടർന്ന് എടത്തലയിലെയും ആലുവയിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധന നടത്തുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, സമീപ ജില്ലകൾ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

