AI girlfriend

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു.

കോഴിക്കോട് :സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേകെട്ട് താവഴിയിലെ അംഗമാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് ചിന്താവളപ്പിൽ ആയിരുന്നു താമസം.

ഫാർമക്കോളജി വിദഗ്ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാര ജേതാവുമാണ്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ്. വർഷങ്ങൾക്കു മുൻപ് ലക്ഷദ്വീപിൽ മന്തുരോഗവ്യാപനം തടയാൻ സംസ്ഥാനസർക്കാരിന്റെ ഫൈലേ റിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്നു കലർത്തിയ കുറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരുന്നു കേരളവർമ.

ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനവേളയിൽ കൈയിലെ സ്വർണവള അദ്ദേഹത്തിന് ഊരിനൽകി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മുൻ അമ്പാടി കോവിലകം ശ്രീദേവി വർമയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാലരാമവർമയുടെയും മകനായി 1936 സെപ്റ്റംബർ മൂന്നിനായിരുന്നു ജനനം. സാമൂതിരി കോളേജിൽനിന്ന് ഇൻറർമീഡിയറ്റ് പൂർത്തിയാക്കി അഹമ്മദാബാദിലെ എൽഎം ഫാർമസി കോളേജിൽനിന്ന് ഫാർമസി ബിരുദം നേടി.

ശേഷം മുംബൈയിൽ ജർമൻ റെമഡീസിന്റെ ഫാക്ടറിയിൽ ജോലിചെയ്തശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി വിഭാഗത്തിൽ നോൺ മെഡിക്കൽ ട്യൂട്ടറായി രണ്ടുവർഷം പ്രവർത്തിച്ചു. തുടർന്നാണ് ‘നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ്’ വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന മികവിന് വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതിയും അന്ന് പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന ആർ. വെങ്കിട്ടരാമൻ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സന്ദർശിച്ചിരുന്നു. കോഴിക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്‌ചേഴ്സസ് അസോസിയേഷൻ പ്രസിഡന്റായും ചെറുകിട വ്യവസായ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമായും ഈ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *