കേരളം എന്നും ഫലസ്തീന് ഒപ്പം:കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. വിഷയത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അധ്യാപകരോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.കേരളം എന്നും ഫലസ്തീന്ഒപ്പമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അതേ വേദിയില്‍ തന്നെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു.


വെള്ളിയാഴ്ച കുമ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കലോത്സവത്തിനിടെയായിരുന്നു വിവാദ സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ചില അധ്യാപകര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നു
ആറ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിക്കുകയായിരുന്ന മൈം ആരംഭിച്ച് രണ്ടര മിനിറ്റോളം മാത്രം പിന്നിടുന്നതിനിടെയാണ് സ്റ്റേജിലേക്ക് കയറി അധ്യാപകര്‍ കര്‍ട്ടനിട്ട് പരിപാടിക്ക് തടസം സൃഷ്ടിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഫലസ്തീന്‍ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ വേദിയില്‍ പ്രതിഷേധിച്ചു.
പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചിരുന്നു. എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് ശനിയാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *