ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർടികൾ.
ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്.
ഇസ്രയേൽ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങൾക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.’ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. കൂട്ടുകക്ഷി സർക്കാരിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹം ഒരു തരത്തിലും നിലവിലെ സമാധാന പദ്ധതിയിൽ പങ്കാളികളാകില്ലെന്നും വ്യക്തമാക്കി.

ഗാസയിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇസ്രയേൽ ധനമന്ത്രി ബെസാലേൽ സ്‌മോട്രിച്ച് മുന്നറിയിപ്പ് നൽകി. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗാസയുടെ സൈനിക നിരായുധീകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ അത്തരമൊരു നീക്കം ഇസ്രയേലിന്റെ മേൽക്കൈ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിലെ 120 സീറ്റുകളിൽ 13 എം.പിമാരുള്ള ബെൻ ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ സഖ്യം തകരും. ട്രംപിന്റെ പദ്ധതി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിനെ താൽക്കാലികമായി പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പകരമായി നെതന്യാഹുവിന് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു

