ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും ഞങ്ങള്‍ നന്ദി പറയുന്നു’, ട്രംപ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി മോചിപ്പിക്കും.
ഹമാസും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു. കരാർ ഇന്ന് ചേരുന്ന യുദ്ധ കാബിനറ്റിൽ ചർച്ചക്കിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സഹായിയും മന്ത്രിയുമായ റോൺ ഡെർമർ എന്നിവര്‍ക്ക് പുറമെ, ഖത്തർ തുർക്കി നേതാക്കളും ചർച്ചകൾക്കായി കൈറോയിൽ എത്തിയിട്ടുണ്ട്. ഹമാസിന് പുറമെ ഇസ്‍ലാമിക് ജിഹാദ് സംഘവും കൈറോയിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *