ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത് ജീവനക്കാരന്റെ ചവിട്ടേറ്റെന്ന് ആരോപണം. ദൃശ്യങ്ങൾ പുറത്ത് വിട്ട് ബന്ധുക്കൾ
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത് ജീവനക്കാരന്റെ ചവിട്ടേറ്റെന്ന് ആരോപണം
ചെന്നെ അജീസ് മുഹമ്മദ് ഗൗസ് സ്‌ട്രീറ്റ് ഓള്‍ഡ് വാഷര്‍മെന്‍ ഗേറ്റ് സ്വദേശി വൈ. മുഹമ്മദ് സുല്‍ത്താ(48)നാണു മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്‌ച പുന്നമട സ്‌റ്റാര്‍ട്ടിങ് പോയിന്റില്‍ പുന്നമട സ്വദേശി ജോസഫ് ജോണിന്റെ ഉടമസ്‌ഥതയിലുള്ള കാലിപ്‌സ് എന്ന ഹൗസ്‌ബോട്ടിലായിരുന്നു സംഭവം. ഈ ബോട്ടില്‍ യാത്ര ചെയ്‌ത ചെന്നെയില്‍ നിന്നുള്ള മുപ്പതംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ് സുല്‍ത്താന്‍. കുഴഞ്ഞു വീണ് മരിച്ചുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ സംഘര്‍ഷത്തിനിടെ ഹൗസ് ബോട്ട് ജീവനക്കാരന്‍ ഇയാളുടെ നെഞ്ചില്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തു വിട്ടു. ജീവനക്കാരന്റെ ചവിട്ടേറ്റ് ശ്വാസകോശത്തിന് തകരാറുണ്ടായി മരണം സംഭവിച്ചതാണെന്നാണ് സുല്‍ത്താന്റെ ബന്ധുക്കളുടെ പരാതി. സ്‌ത്രീകളും കുട്ടികളും വയോധികരും സംഘത്തിലുണ്ടായിരുന്നു. ഹൗസ് ബോട്ടിലെ മേശയുടെ ഗ്ലാസ് പൊട്ടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരും ഹൗസ് ബോട്ടിലെ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.
സ്‌ത്രീകളോട് ജീവനക്കാര്‍ കയര്‍ക്കുന്നതും അപമര്യാദയായി സംസാരിക്കുന്നതും കണ്ടാണ് മുറിയില്‍ വിശ്രമിക്കുകയായിരുന്ന സുല്‍ത്താല്‍ അവിടേക്ക് വന്നതെന്നും തുടര്‍ന്ന് ഇദ്ദേഹം ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു. ഇതിനിടെ സുല്‍ത്താന്റെ നെഞ്ചിലേക്ക് ജീവനക്കാരന്‍ ചവിട്ടുകയും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഹൗസ്‌ബോട്ട് ജീവനക്കാരനായ അഭിജിത്തിനും തലയ്‌ക്ക് പരുക്കേറ്റതായി പരാതിയുണ്ട്. കസേരയ്‌ക്ക് അടിയേറ്റതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരിച്ച മുഹമ്മദ് സുല്‍ത്താന് മുമ്ബും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന ആലപ്പുഴ നോര്‍ത്ത് പോലീസ് കൂടുതല്‍ പേരുടെ മൊഴികള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താനുള്ള നീക്കത്തിലാണ്.

