ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്ന് ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘം. ക്രിമിനലുകളെ കീഴ്പ്പെടുത്തി ഹമാസ്
ഗസ സിറ്റി: ഗസ്സയിൽ ആഭ്യന്തര ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘം മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. സാലിഹ് അല്‍ജഫരാവി എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്. അല്‍ സബ്ര പ്രദേശത്താണ് സംഭവം. ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചതിന് പിന്നാലെ ക്രിമിനല്‍ സംഘങ്ങള്‍ സാധാരണക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ വ്യാപകമാക്കിയിരുന്നു. തുടര്‍ന്ന് ദോഗ്മഷ് എന്ന ഗോത്രത്തില്‍ നിന്നു പുറത്താക്കിയ ക്രിമിനലുകളുടെ സംഘത്തെ ഗസ സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ സേന ഇന്ന് വൈകീട്ട് നേരിട്ടു. ഇത് റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സാലിഹിനെ ക്രിമിനലുകള്‍ വെടിവച്ചു കൊന്നത്. ഏഴു തവണ സാലിഹിന് വെടിയേറ്റെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.അക്രമി സംഘം ഒളിച്ചിരുന്ന കെട്ടിടം ഹമാസ് പിടിച്ചെടുത്തിട്ടുണ്ട്. അവരുടെ ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തെന്നും ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പറയുന്നു. മുമ്പ് നിരവധി തവണ കൊലപാതക ശ്രമങ്ങളെ അതിജീവിച്ചയാളാണ് സാലിഹ്.
ഗസയില്‍ ഹമാസിനെയും ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെയും ആക്രമിക്കാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു ക്രിമിനല്‍ സംഘങ്ങളെ ഇസ്രായേല്‍ സ്ഥാപിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന് ശേഷം ഇസ്രായേലി സൈന്യം ഗസയുടെ ഓരത്തേക്ക് മാറിയിട്ടുണ്ട്. ഇപ്പോള്‍ ഇസ്രായേലി സൈന്യമുള്ള പ്രദേശത്താണ് മൂന്നു സംഘങ്ങളുമുള്ളത്. അതില്‍ രണ്ടു സംഘങ്ങള്‍ ഇപ്പോള്‍ ഇസ്രായേലി മാധ്യമങ്ങളോടും പ്രതികരിക്കുന്നില്ല. ഖാന്‍ യൂനിസിന് സമീപത്തെ ഇസ്രായേലി സൈനിക ക്യാംപിന് പുറകിലെ കിസന്‍ അന്‍ നജ്ജാര്‍ ഗ്രാമത്തിലാണ് ഹുസം അല്‍ അസ്താല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം താവളമടിച്ചിരിക്കുന്നത്
അഷ്‌റഫ് അല്‍ മന്‍സി എന്നയാളുടെ സംഘം ജബാലിയ, ബെയ്ത്ത് ലാഹിയ എന്നീ പ്രദേശങ്ങളിലാണ് ഒളിച്ചിരിക്കുന്നത്.
റഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യാസര്‍ അബു ശബാബിനെ കുറിച്ച് വെടിനിര്‍ത്തലിന് ശേഷം വിവരങ്ങളൊന്നുമില്ല.

വെടിനിര്‍ത്തലിന് ഏതാനും ദിവസം മുമ്പ് ഖാന്‍യൂനിസിലെ അല്‍ മവാസി പ്രദേശത്ത് വച്ച് ഇസ്രായേലി സൈന്യത്തിന്റെ പിന്തുണയോടെ ഹുസം അല്‍ അസ്താലിന്റെ സംഘം ഹമാസുമായി ഏറ്റുമുട്ടിയിരുന്നു. ‘ഒരു ഒറ്റുകാരനെ പിടിക്കൂ’ എന്ന പേരില്‍ ഇത്തരക്കാരെ പിടിക്കാന്‍ ഹമാസ് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്.

