ഇന്ത്യയുടെ അതിഥിയായി പോയതാണ്, മുക്കിക്കളഞ്ഞു, ട്രംപ് നിങ്ങള്‍ കഠിനമായി ഖേദിക്കും’; ഉള്ളുലഞ്ഞ് ഇറാൻ
തെഹ്റാൻ:ഇറാൻ കപ്പലിനെതിരായ അമേരിക്കൻ ആക്രമണത്തിൽ കടുത്ത വിമർശനവുമായി അബ്ബാസ് അരാഗാചി. അമേരിക്ക കടലിൽ ചെയ്തത് വലിയ ക്രൂരതയാണെന്നും അദ്ദേഹം കുറിച്ചു. ഇറാന്റെ തീരങ്ങളിൽ നിന്ന് 2,000 മൈൽ അകലെ കടലിൽ വെച്ചാണ് അമേരിക്ക ആക്രമിച്ചത്. അതിൽ അമേരിക്ക ഖേദിക്കേണ്ടി വരുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി.
‘ഏകദേശം 130 നാവികരുമായി ഇന്ത്യൻ നാവികസേനയുടെ അതിഥിയായ ഫ്രിഗേറ്റ് ‘ദേന’ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആക്രമിക്കപ്പെട്ടു. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, എടുത്തുചാടിയുള്ള ഈ നീക്കത്തിൽ അമേരിക്ക ഖേദിക്കേണ്ടി വരും’ എന്നാണ് അരാഗ്ചി കുറിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്തിനു സമീപമാണ് ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തത്. കപ്പലിലെ 87 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബുധൻ പുലർച്ചെ 5.30ഓടെയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. 60 പേരെ കാണാതായി. 32 പേരെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷപ്പെടുത്തി. പലരുടെയും നില അതീവ ഗുരുതരമാണ്. 180 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 87 മൃതദേഹങ്ങൾ കണ്ടെടുത്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു.
32 പേർ ശ്രീലങ്കയുടെ തെക്കൻ തീരത്തുള്ള ഗാലെ കടൽത്തീര പട്ടണത്തിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് നാവികസേന വക്താവ് കമാൻഡർ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പൽ അപകടത്തിലായ വിവരമറിഞ്ഞ് ശ്രീലങ്കൻ നാവികസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും കപ്പലിന്റെ അവശിഷ്ടങ്ങളും ചില ജീവനക്കാരെയും മാത്രമാണ് കണ്ടെത്തിയതെന്നും ബുദ്ധിക സമ്പത്ത് പറഞ്ഞു.

