കക്കൂസ് മാലിന്യത്തിന് കൈക്കൂലി; മേൽക്കൂര പൊളിച്ച് ചാടിയ ചേർത്തല ഡിവൈഎസ്പിയെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി

വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി. തുടർന്ന് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചേർത്തല ഡിവൈഎസ് പി അനിൽകുമാറിന് പിന്നാലെ വിജിലൻസ് സംഘവും വെച്ചുപിടിച്ചു. ഒടുവിൽ നാട്ടുകാരെ സാക്ഷിനിർത്തി ഒപ്പത്തിനൊപ്പം ഓടിയാണ് വിജിലൻസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ‘പ്രോജക്ട് സീറോ’യിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങി. കോഴ വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ അതീവ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജിലൻസ് കയ്യോടെ പിടികൂടി. സിനിമയെ വെല്ലുന്ന രംഗങ്ങൾക്കാണ് ഡിവൈഎസ്പിയുടെ വീടും പരിസരവും സാക്ഷ്യം വഹിച്ചത് പിടിച്ചെടുത്ത കക്കൂസ് മാലിന്യം നിറച്ച വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡിവൈഎസ്പി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പിടിച്ചെടുത്ത ശുചിമുറി മാലിന്യ വണ്ടികൾ വിട്ടുകിട്ടാൻ ഉടമ സമീപിച്ചപ്പോഴാണ് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വാഹന ഉടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം അഡ്വാൻസായി നൽകാനുള്ള 50,000 രൂപയുമായി വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലെത്തി. ഡിവൈഎസ്പിയുടെ ആവശ്യപ്രകാരമാണ് പണം വീട്ടിലെത്തിച്ചത്. ഇതിനിടെ വിജിലൻസ് സംഘം ഉടമയെ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട അനിൽകുമാർ വെട്ടിച്ച് അകത്തുകയറി വീടിന്റെ കതകടച്ചു.

തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അകത്തു കുടുങ്ങിയ ഡിവൈഎസ്പി വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി. തുടർന്ന് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിന് പിന്നാലെ വിജിലൻസ് സംഘവും വെച്ചുപിടിച്ചു. ഒടുവിൽ നാട്ടുകാരെ സാക്ഷിനിർത്തി ഒപ്പത്തിനൊപ്പം ഓടിയാണ് വിജിലൻസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്.

അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് വിജിലൻസിൽ നടപ്പിലാക്കിയ ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി സംസ്ഥാനവ്യാപകമായി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ കർശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് മുൻപും നിരവധി കൈക്കൂലി ആരോപണങ്ങൾ നേരിട്ടിട്ടുള്ള ഡിവൈഎസ്പി അനിൽകുമാർ വിജിലൻസിന്റെ വലയിലാകുന്നത്. പ്രതിക്കെതിരെ കർശന നടപടികളിലേക്ക് നീങ്ങാനാണ് വിജിലൻസ് തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *