വടകരയിൽ കാർ ബസിലിടിച്ച് അപകടം; ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം
വടകര: വടകര വീരഞ്ചേരി റോഡിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. മാഹി പന്തക്കൽ സ്വദേശി സുരേന്ദ്രൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വടകരയിലെ തണൽ ഡയാലിസിസ് സെന്ററിൽ ചികിത്സ പൂർത്തിയാക്കി സുരേന്ദ്രൻ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അദ്ദേഹം സ്വയം കാറോടിച്ചാണ് വന്നിരുന്നത്. തലശ്ശേരി ഭാഗത്തുനിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ട സമയത്ത്, സുരേന്ദ്രൻ ഓടിച്ച കാർ ബസ്സിന്റെ വശത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

