ഹോർ മുസ് കടലിടുക്കിൽ എണ്ണ ഒഴുകുമോ? യുഎസ്-ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായതായി ട്രമ്പ് ; അമേരിക്ക യ്ക്ക് മുൻപിൽ കടുത്ത നിബന്ധനകളുമായി ഇറാൻ
ടെഹ്റാൻ : മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനുശേഷം അമേരിക്കയും ഇറാനും ഒടുവിൽ സമാധാന കരാറിൽ ധാരണയിൽ എത്തി. എന്നാൽ, കരാർ പൂർണ്ണമാകണമെങ്കിൽ യുഎസ് ആദ്യം നടപ്പിലാക്കേണ്ട ചില കടുത്ത നിബന്ധനകൾ ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇറാൻ മാധ്യമമായ ‘മെഹർ ന്യൂസ്’ പുറത്തുവിട്ട 14 ഇന കരട് രേഖ പ്രകാരം, തങ്ങളുടെ സാമ്പത്തിക-സൈനിക ആവശ്യങ്ങൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ആണവ ചർച്ചകളിലേക്ക് കടക്കുകയോ ചെയ്യൂ എന്ന നിലപാടിലാണ് ഇറാൻ.
എന്നാൽ
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചതായും ഹുർമുസ് കടലിടുക്ക് വഴി ചുങ്കം നൽകാതെ കപ്പലുകൾക്ക് പോകാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തുള്ള കപ്പലുകളോട് എഞ്ചിൻ സ്റ്റാർട്ടാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
‘എല്ലാവർക്കും അഭിനന്ദനങ്ങൾ! ഹുർമൂസ് കടലിടുക്ക് തുറന്ന് ചുങ്കം നൽകാതെ യാത്രചെയ്യാൻ ഞാൻ പൂർണ അംഗീകാരം നൽകുന്നു. അതോടൊപ്പം, അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഉടനടി ഒഴിവാക്കാനും അംഗീകാരം നൽകുന്നു. ലോകത്തുള്ള കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ടാക്കൂ. എണ്ണ ഒഴുകട്ടെ!” -ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിൽ ട്രംപ് പറഞ്ഞു.
ഇതിനിടയിൽ ഇറാൻ്റെ നിബന്ധനകൾ എത്രത്തോളം
യു.എസ് അംഗീകരിക്കുമെന്ന് വ്യക്തമല്ല
അമേരിക്ക തങ്ങളിൽ നിന്ന് പിടിച്ചുവെച്ചിരിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ വിട്ടുനൽകണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. അന്താരാഷ്ട്ര ബാങ്കുകളിൽ അമേരിക്ക മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 24 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ പൂർണ്ണമായും റിലീസ് ചെയ്യണം. ഇതിൽ പകുതി തുക (12 ബില്യൺ ഡോളർ) ഔദ്യോഗിക ചർച്ചകൾ തുടങ്ങുന്നതിന് മുൻപ് തന്നെ ഇറാൻ്റെ കൈകളിൽ എത്തണം എന്ന കർശന നിബന്ധനയാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്. കൂടാതെ, ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കപ്പൽ ഉപരോധം 30 ദിവസത്തിനകം പൂർണ്ണമായി നീക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന മറ്റ് നിബന്ധനകൾ ഇവയാണ്,
ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിദേശ വിപണനത്തിന് മേലുള്ള യുഎസ് ഉപരോധങ്ങൾ അടിയന്തരമായി നിർത്തിവെക്കണം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമ്പോൾ അതിന്റെ പൂർണ്ണമായ നിയന്ത്രണം ഇറാന്റെയും ഒമാന്റെയും കീഴിലായിരിക്കും. ഈ വഴി പോകുന്ന കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഇറാനെ അനുവദിക്കണം. ഇറാന്റെ അതിർത്തികളിൽ നിന്നും പശ്ചിമേഷ്യയിലെ താവളങ്ങളിൽ നിന്നും യുഎസ് സൈന്യത്തെ പിൻവലിക്കണം. ഒപ്പം ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് വാഷിംഗ്ടൺ ഉറപ്പ് നൽകണം എന്നീ നിബന്ധനകളും ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ വെച്ച് വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും ഈ കരാറിന്റെ അന്തിമരൂപം വ്യക്തമാകുക.

