പേരാമ്പ്ര കൈതക്കലിൽ മരം കടപുഴകി വീണ്; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: പേരാമ്പ്ര കൈതക്കലിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 4:15-ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും സമീപത്തുള്ള വലിയ തണൽമരമാണ് ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണത്. ഈ സമയം പേരാമ്പ്രയിൽ നിന്ന് ഉള്ള്യേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തിയുടെ മുകളിലേക്കാണ് മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞു വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അധികൃതർ സ്ഥലത്തെത്തി മരം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

