വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു.
ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.
“1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പല്ലപട്ടല എന്ന ഗ്രാമത്തിൽ സിസ്റ്റ്ല ശ്രീരാമമൂർത്തിയുടെയും സച്ചീദേവിയുടെയും മകളായാണ് സിസ്റ്റ്ല ജാനകി എന്ന എസ്. ജാനകി ജനിച്ചത്. ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്ന പിതാവിന്റെ പ്രോത്സാഹനത്താൽ ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. സിരിസില്ലയിലായിരുന്നു അവരുടെ ബാല്യകാലം ചെലവഴിച്ചത്. ഒൻപതാം വയസിൽ തന്നെ ആദ്യമായി വേദിയിൽ പാടാനുള്ള അവസരം ലഭിച്ചു
ശാസ്ത്രീയ സംഗീതത്തിൽ ദീർഘകാലത്തെ ഔപചാരിക പരിശീലനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, നാദസ്വരം വിദ്വാനായിരുന്ന പൈഡിസ്വാമിയിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അവർ അഭ്യസിച്ചത്. ഇരുപതുകളുടെ തുടക്കത്തിൽ അമ്മാവന്റെ നിർദേശപ്രകാരമാണ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ സംഗീത സംവിധായകൻ ആർ. സുദർശനത്തോടൊപ്പം പ്രവർത്തിക്കാനായി അവർ എത്തിയത്. 1957ൽ പുറത്തിറങ്ങിയ ‘വിധിയിൻ വിളൈയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള അവരുടെ അരങ്ങേറ്റം. അതേ വർഷം തന്നെ ‘എംഎൽഎ’ എന്ന തെലുങ്കു ചിത്രത്തിലൂടെയും അവർ ശ്രദ്ധ നേടി. അരങ്ങേറ്റ വർഷത്തിൽ തന്നെ ആറു വ്യത്യസ്ത ഭാഷകളിൽ പാടാൻ കഴിഞ്ഞത് അവരുടെ അസാധാരണമായ പ്രതിഭയുടെ തെളിവായിരുന്നു

