കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയി ,ഞെട്ടൽ മാറാതെ അമ്മ
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.ചോരയിൽ കുളിച്ച നിലയിൽ മകന്റെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ മാതാവ്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ ഒപ്പമുണ്ടായിരുന്ന മകനാണ് പുലർച്ചെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം പോയതായിരുന്നു. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് പുലർച്ചെ 3 മണിയോടെ പാൽ കറക്കാൻ ബിജുവിനെ വിളിക്കാൻ പോയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്.വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തറയിൽ രക്തം തളംകെട്ടി കിടക്കുന്നതായും കണ്ടു. സംഭവം അറിഞ്ഞയുടൻ കോഴിക്കോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും അവരെയാണ് സംശയിക്കുന്നതെന്നും ബിജുവിന്റെ അമ്മ പൊലീസിന് മൊഴി നൽകി. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന്റെ കാരണവും പ്രതികളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.വീടിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ബിജുവിന്റെ ഫോൺ കോൾ, സുഹൃദ് ബന്ധങ്ങൾ എന്നിവയും പൊലീസ് പരിശോധിക്കും.നാട്ടുകാർക്ക് ആശങ്കയുണ്ടാക്കിയ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

