പ്രശസ്ത ഗായിക ആശ ഭോസ്ലെ അന്തരിച്ചു.
മുംബൈ: പ്രശസ്ത ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗായികയ്ക്ക് ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്. പിയാ തു അബ് തോ ആജാ, ജായിയേ ആപ് കഹാൻ ജായേഗംഗം, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടഗായികയായി മാറിയ വ്യക്തിത്വമാണ് ആശ ഭോസ്‌ലെയുടേത്. ലതാ മങ്കേഷ്‌കറുടെ സഹോദരിയാണ്.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ആശ ജനിച്ചത്. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16ാം വയസിൽ 31 വയസുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.
‘മാഝാ ബാൽ’ എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശയ്ക്ക് ലഭിച്ചിട്ടുണ്ട്.
1956 ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). പ്രമുഖ ബാനറുകളുടെ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ – ആർ.ഡി.ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർ.ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി മാറുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി.
പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസൽ, ക്ലാസിക്കൽ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ ബർമൻ ഗാനങ്ങളിലൂടെ തെളിയിച്ചു. 1990 കളിൽ സിനിമാ രംഗത്തുനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എ.ആർ.റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി.
ഒ.പി.നയ്യാർ, ബോംബൈ രവി, എസ്.ഡി.ബർമൻ, ആർ.ഡി.ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡിലെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴിൽ ആശ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമായി ചേർന്നുള്ള ‘ലെഗസി’ എന്ന ആൽബത്തിലൂടെയാണ് ഗ്രാമി നാമനിർദേശം ലഭിച്ചത്. 2006 ൽ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’ എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു. 2021 ൽ മഹാരാഷ്ട്ര സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം ലഭിച്ചു.

