ഗ്യാനേഷ് കുമാറിന്റെ രാജിക്ക് തെരുവുകൾ പ്രക്ഷുപ്തം . ഡൽഹിയിൽ മൂന്നാം ദിവസം പോരാട്ടം
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജ ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തം. മൂന്നാം ദിനവും പ്രതിപക്ഷം തെരുവിൽ പ്രതിഷേധം നടത്തുകയാണ്. മൂന്ന് ബസുകളിലായി എംപിമാരുടെ ബസ് രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്ജിയും രേവന്ത് റെഡ്ഡിയും ഇന്ന് സമരമുഖത്തുണ്ട്.
കൊണാട്ട് പ്ലേസിലെ റസ്റ്റാറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത എം.പിമാർ ബസുകളിൽ രാജ്ഘട്ടിലേക്ക് പുറപ്പെട്ടു.
ഗാന്ധി സമാധിയിൽ സമാധാനപരമായി പ്രാർഥന നടത്താനാണ് പോകുന്നതെന്ന് ഖാർഗെ പറഞ്ഞു. ‘ഇൻഡ്യ സഖ്യത്തിലെ അംഗങ്ങളായ ഞങ്ങൾ സമാധാനപരമായ ധർണ നടത്തുന്നതിനായി ഗാന്ധി സ്മാരകത്തിലേക്ക് പോവുകയാണ്. തങ്ങളുടെ നടപടികൾ രാജ്യതാൽപര്യത്തിന് നിരക്കുന്നതല്ലെന്ന തിരിച്ചറിവ് ബി.ജെ.പി സർക്കാറിനും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഉണ്ടാകുന്നതിന് പ്രാർഥന നടത്തും. വോട്ട് മോഷണം, വിലക്കയറ്റം, യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ജനതാൽപര്യത്തിന് എതിരാണ്’ -മല്ലികാർജുൻ ഖാർഗെ യാത്ര തിരിക്കുന്നതിനു മുമ്പ്
പറഞ്ഞു. അതിനിടെ കർണാടകയിൽ വോട്ടർപട്ടികയിൽനിന്ന് അന്യായമായി പേരുകൾ വെട്ടിമാറ്റപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ജനകീയ ട്രിബ്യൂണൽ (പീപ്പിൾസ് ട്രിബ്യൂണൽ) ആരംഭിച്ചു. സിജെപി നേതാക്കൾക്കൊപ്പം ധ്രുവ് റാഠിയും പ്രകാശ് രാജും പ്രതിഷേധ സ്ഥലത്തെത്തിയതോടെ പരിപാടിക്ക് തുടക്കമായി. എസ്.ഐ.ആറിൽ പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വിഡിയോ സാക്ഷ്യങ്ങൾ പ്രദർശിപ്പിച്ചാണ് പ്രതിഷേധം തുടങ്ങിയത്.

