വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.

ഇരിട്ടി(കണ്ണൂർ): വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.പട്ടാന്നൂർ സ്വദേശി ഷാനിഫ് (30) ആണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് ‘ഡോണറെ’ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആറളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീർപാട് സ്വദേശി നൗഫൽ എന്ന സത്താർ, നിബിൻ എന്ന അപ്പു, ഗഫൂർ എന്നിവർക്ക് എതിരെയാണ് പരാതി.
2024 ഡിസംബർമുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കു വഴിയുമാണ് നൽകിയതെന്ന് പറയുന്നു. കൂട്ടുപ്രതി നിബിനെ ഡോണറായി പരിചയപെടുത്തിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് ആസൂത്രണം ചെയ്ത മുഖ്യ പ്രതി നൗഫൽ ഒളിവിലാണ്. ആറളം പോലീസ് എസ്ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ പല ഭാഗങ്ങളിലും നൗഫൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആരും പരാതിയുമായി മുന്നോട്ട് വരാത്തതാണ്‌ ഇത്തരം തട്ടിപ്പുകാർ തഴച്ചുവളരാൻ കാരണം. വൃക്ക തകാറിലായ ഷാനിഫിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഉമ്മയുടെ വൃക്കയായിരുന്നു നൽകിയത്. വീണ്ടും അസുഖം പിടിപെട്ടതോടെ നാട്ടുകാർ ചേർന്ന് ചികിത്സാസഹായ നിധി രൂപവത്കരിച്ച് പണം പിരിച്ചുനൽകിയത്. ഈ പണമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.
ചികിത്സാസഹായ കമ്മിറ്റിയെയും തട്ടിപ്പുകാരൻ ബന്ധപ്പെട്ടിരുന്നു. ഇവരെയും പറഞ്ഞുവിശ്വസിപ്പിച്ചശേഷമാണ് കമ്മറ്റി ഭാരവാഹികളിൽനിന്നും മൂന്നുലക്ഷം രൂപ കൈപ്പറ്റിയത്. പണം മുഴുവൻ നഷ്ടമായതോടെ അസുഖം കൊണ്ട് വലയുന്ന ഷാനിഫിന് ഒരു വർഷത്തോളമായി ചികിത്സ ലഭിക്കാതെയായി.

Leave a Reply

Your email address will not be published. Required fields are marked *