തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് വ്യാജ ചിത്രങ്ങളും, ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷന് അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ എ.ഐ വീഡിയോകള്‍ ഉപയോഗിക്കുന്നത് വ്യാപകമായതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക പേജുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. എ.ഐ കണ്ടന്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിര്‍മാതാവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും കമ്മീഷന് വ്യക്തമാക്കി.
ഹരിത പെരുമാറ്റച്ചട്ടം
തദ്ദേശ തെരഞ്ഞെടുപ്പിനായി ഹരിത പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്ലാസ്റ്റിക്, പിവിസി, ഫ്ലക്സ് എന്നിവയുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന ഹരിത വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ കൊടിതോരണങ്ങളും, പ്രചരണ ബോര്‍ഡുകളും നിര്‍മിക്കാന്‍ പാടുള്ളൂ എന്നുമാണ് നിര്‍ദേശം.
പ്രചാരണങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പരിശീലന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ സ്റ്റീല്‍, ചില്ല്, സെറാമിക് പാത്രങ്ങള്‍ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പാഴ്സലുകള്‍ തയാറാക്കണം. ബോര്‍ഡുകള്‍, ബാനറുകള്‍, ഹോള്‍ഡിങ്ങുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് പേപ്പര്‍, പി.സി.ബി സര്‍ട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടണ്‍, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിന് പോലുള്ളവ ഉപയോഗിക്കാം.
രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റിക് ബോട്ടിലുകള്‍, തെര്‍മോകോള്‍ കപ്പുകള്‍, പ്ലാസ്റ്റിക് പാഴ്സലുകള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രചാരണ സാമഗ്രികള്‍ ശേഖരിച്ച് ഹരിതകര്‍മ സേനക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്. അതിന് യൂസര്‍ഫീ നല്‍കണമെന്നും, അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങള്‍ അത് നീക്കി ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

