രണ്ടാനച്ചൻ വീടിന് തീയിട്ടു!’ ഓട് ചവിട്ടി പൊളിച്ച് അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടൻ,സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പത്തനംതിട്ട : കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15വയസുകാരന്റെ സാഹസികതയും ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു.
വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നർ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്നിഗോളമായി മാറി.
മരണം മുന്നിൽ കണ്ട നിമിഷം പ്രവീൺ പതറിയില്ല. ആളിപ്പടരുന്ന തീയിനുള്ളിൽ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവൻ നെഞ്ചോട് ചേർത്തു. വീടിന്റെ കഴുക്കോലിൽ തൂങ്ങിയാടി മുകളിലെ ഓടുകൾ അവൻ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവൻ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേൽക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാൻ അവൻ ആവതുശ്രമിച്ചു, പക്ഷേ തീ പടർന്നതിനാൽ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവിൽ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.
സ്വന്തം ജീവൻ പണയപ്പെടുത്തി അനിയത്തിയെ രക്ഷിക്കാൻ പ്രവീൺ കാണിച്ച ധീരതയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *