ഡി.ജെ. ശബ്‌ദം സഹിക്കാനാവാതെ ഫാമിലെ കോഴികൾ ചത്തു, ഡിജെയ്‌ക്കെ തിരെ പരാതിയു മായി ഫാം ഉടമ
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉട. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സാബിറിന്റെ ഫാമിലെ 140 കോഴികളാണ് ചത്തത്. ഫാമിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് വിവാഹ സംഘം പോയിരുന്നു. ഈ ശബ്ദം കേട്ടാണ് തന്റെ കോഴികള്‍ ചത്തതെന്നാണ് സാബിര്‍ അലിയുടെ പരാതിയില്‍ പറയുന്നത്.
ഏപ്രില്‍ 25 ന് രാത്രിയായിരുന്നു സംഭവം. അന്ന് രാത്രി പ്രദേശവാസിയായ ബബ്ബന്‍ വിശ്വകര്‍മയുടെ മകളുടെ വിവാഹഘോഷയാത്ര ഗ്രാമത്തിലൂടെ പോയിരുന്നു. കുദ്വാറിനടുത്തുള്ള രാംഭദ്ര പൂര്‍വയില്‍ നിന്നാണ് ഘോഷയാത്ര വന്നത്. വിവാഹ സംഘത്തിനൊപ്പം ഉയര്‍ന്ന ശബ്ദത്തില്‍ ഡിജെയും ഉണ്ടായിരുന്നു.
സാബിര്‍ അലിയുടെ പൗള്‍ട്രി ഫാമിനു സമീപത്തു കൂടി രാത്രി 9.30 ഓടെയാണ് ഘോഷയാത്ര സംഘം പോയത്. ഡിജെയുടെ ഉയര്‍ന്ന ശബ്ദം കേട്ട് കോഴികള്‍ പരിഭ്രാന്തരായെന്ന് സാബിര്‍ അലി പറയുന്നു. ഉറക്കെയുള്ള ശബ്ദം താങ്ങാനാകാതെയാണ് തന്റെ 140 കോഴികള്‍ ചത്തതെന്നാണ് സാബിര്‍ അലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ശബ്ദം അത്രയും ഉറക്കെയായതിനാല്‍ കോഴികള്‍ പേടിച്ച് പരിഭ്രാന്തരായി ചത്തുവെന്നാണ് ഉടമയുടെ വാദം. പരാതിയില്‍ പൊലീസ് ഡിജെ ഓപ്പറേറ്ററായ കവി യാദവിനെതിരെ കേസെടുത്തിട്ടുണ്ട്. ഡിജെയുടെ ശബ്ദം അനുവദിച്ചതിലും അധികമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

