എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടിയുള്ള എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഡിഎംകെ ലോക്സഭാ എംപി കലാനിധി വീരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ എഐഎഡിഎംകെ, ബിജെപിയെ പ്രേരിപ്പിക്കുകയാണെന്നും ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെയെ പിന്തുണയ്ക്കില്ലെന്ന് എഐഎഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ തങ്ങള്‍ എങ്ങനെ ടിവികെയെ പിന്തുണയ്ക്കുമെന്നാണ് മുന്‍ ധനമന്ത്രി സി പൊന്നയ്യനും ചോദിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായി, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെയുമായി എടപ്പാടി കെ പളനിസ്വാമി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എഐഎഡിഎംകെ എംഎല്‍എ ലീമ റോസ് വെളിപ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 118 എംഎല്‍എമാരുടെ പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിജയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച കോണ്‍ഗ്രസ്, ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെയോ അവരുടെ സഖ്യകക്ഷികളുടെയോ പിന്തുണ വിജയ് തേടരുത് എന്നാണ് കോണ്‍ഗ്രസിന്റെ വ്യവസ്ഥ. രണ്ട് സീറ്റുകള്‍ വീതം നേടിയ ഡിഎംകെ സഖ്യകക്ഷികളായ സിപിഎം, സിപിഐ, വിസികെ എന്നീ പാര്‍ട്ടികളോടും ടിവികെ പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *