പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നാളെ മുതൽ പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാനഘട്ടമായ മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഇതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമായി. അലോട്ട്മെന്റ് ലഭിച്ചവർക്ക് ജൂൺ 29 രാവിലെ 11 മണി മുതൽ പ്രവേശന നടപടികൾ ആരംഭിക്കാം. പ്രവേശനം ജൂലൈ 3 വൈകിട്ട് 5 മണിക്ക് മുമ്പായി പൂർത്തിയാക്കേണ്ടതാണ്. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവസരം ലഭിക്കില്ല.
വിദ്യാർത്ഥികൾക്ക് http://hscap.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് ‘Third Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
*വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്*
അലോട്ട്മെന്റ് ലെറ്റർ അഡ്മിഷൻ സമയത്ത് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് ചെയ്ത് നൽകും. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മൂന്നാം അലോട്ട്മെന്റോടെ ഹയർ ഓപ്ഷൻ നിലനിർത്താനുള്ള അവസരം അവസാനിക്കുന്നതിനാൽ താൽക്കാലിക പ്രവേശനത്തിലുള്ളവർ ഉൾപ്പെടെ അലോട്ട്മെന്റ് ലഭിച്ച എല്ലാവരും നിശ്ചിത ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളു. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി അടിസ്ഥാനത്തിലുള്ള അവസാന റാങ്ക് വിവരങ്ങളും വിദ്യാർത്ഥികൾക്ക് പരിശോധിക്കാനാകും.

